ഒരു ആനക്കഥ വായിക്കാം
ഒരിക്കലെങ്കിലും ഒരാനയെ തൊട്ടുനോക്കണമെന്ന് ആഗ്രഹമുണ്ടായിരുന്ന ഒരു ബാല്യമുണ്ടായിരുന്നു ശ്രീജിത്തിന്. ആനഭ്രമം മൂത്ത് എവിടെ ആനയുണ്ടോ അവിടെയെല്ലാം ശ്രീജിത്ത് ഓടിയെത്തി. പഠനക്കാലത്ത് വീട്ടില്‍നിന്നും കൊടുത്തുവിടുന്ന രൂപക്ക് മുഴുവന്‍ ആനയ്ക്ക് ഭക്ഷണം വാങ്ങികൊടുത്തു. ഒടുവില്‍ ശ്രീജിത്തിന്റെ ആനഭ്രമം തിരിച്ചറിഞ്ഞ ഒരാള്‍ ഒരാനയെ ശ്രീജിത്തിന് സമ്മാനമായി നല്‍കുകയും ചെയ്തു. ചന്ദ്രശേഖരന്‍ എന്നറിയപ്പെടുന്ന ആന ഇന്ന് ശ്രീജിത്തിന്റെ കൂടെയുണ്ട്. തൊട്ടും തലോടിയും ഓമനിച്ചും ശ്രീജിത്ത് അവനെ നോക്കുന്നു. ശ്രീജിത്തിന്റെ വാക്കുകളോടും സ്നേഹപ്രകടനങ്ങളോടും ചന്ദ്രശേഖരന്‍ ശബ്ദമില്ലാത്ത ചലനങ്ങളോടെ പ്രതികരിക്കും. ചിലപ്പോള്‍ ശബ്ദമുണ്ടാക്കിയും ശ്രീജിത്തിനുമാത്രം മനസ്സിലാകുന്ന ഭാഷയില്‍.
ആ മാരാത്ത് പറമ്പ്
തൃശൂര്‍ മുളങ്കുന്നത്തുകാവില്‍ ശ്രീജിത്തിന്റെ കോളങ്ങര പറമ്പിന്‍ വീടിനടുത്ത് ആനച്ചൂര് നിറഞ്ഞ ഒരു മാരാത്ത് പറമ്പുണ്ടായിരുന്നു. തിരുവമ്പാടി ദേവസ്വത്തിലെ ആനകളെ തളച്ചിരുന്ന മാരാത്ത് പറമ്പ്. മാരാത്ത് പറമ്പ് പ്രശസ്തമാകുന്നതും അങ്ങിനെയാണ്.
ആനക്കമ്പത്തിന് ഒരാനയെ സമ്മാനമായി ലഭിക്കുമെന്ന് ശ്രീജിത്ത് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. ശ്രീജിത്ത് പത്രമാധ്യമങ്ങളിലെ താരമായി. തിരുവനന്തപുരത്തെ ഗുരിജി പ്രശാന്ത് നല്‍കിയ ചന്ദ്രശേഖറുമൊത്ത് ശ്രീജിത്ത് അഭിമാനത്തോടെ നടന്നു.
അഞ്ചു വര്‍ഷം മുന്‍പാണ് ആ സംഭവം. പനയ്ക്കല്‍ പദ്മനാഭനെ (മംഗലാംകുന്ന് പപ്പു) വാഴാനി ഡാമില്‍ മരംപിടിക്കാന്‍ കൊണ്ടു വന്നു. പെരുമ്പാവൂരിലെ മുഹമ്മദ് എന്നയാളായിരുന്നു പദ്മനാഭന്റെ ഉടമസ്ഥന്‍. പദ്മനാഭന്‍ ശരിക്കും പോക്കിരിയായിരുന്നു. അന്ന് പ്രീഡിഗ്രിക്കു ശേഷം തുടര്‍ന്നു പഠിക്കാതെ പാല്‍ വിതരണവും പച്ചക്കറി കച്ചവടവും മൊബൈല്‍ഫോണ്‍ ഡീലര്‍ഷിപ്പുമായി രാവും പകലും ഓടിനടക്കുകയായിരുന്നു ഞാന്‍. അതിനിടയില്‍ ഞാന്‍ പപ്പുവിനെ കാണാന്‍ വാഴാനിയില്‍ എത്തും. ഭക്ഷണം വാങ്ങികൊടുക്കും. ഏറെനേരം അവനോടൊപ്പം ചെലവഴിക്കും.
അവനെ ഉപദ്രവിച്ചാണ് അവര്‍ പണിയിച്ചുകൊണ്ടിരുന്നത്. ഇടയ്ക്കിടെ വേദനകൊണ്ടും ദേഷ്യംകൊണ്ടും അവന്‍ പിണങ്ങിനില്‍ക്കും. പാപ്പാന്‍ ഇടയ്ക്കിടെ വെട്ടുക്കത്തികൊണ്ട് വെട്ടിപരിക്കേല്‍പ്പിച്ച് വരുതിയിലാക്കാന്‍ നോക്കി. രക്ഷയില്ല. പാപ്പാന്‍ രാജന് എങ്ങനെ നോക്കിയിട്ടും അതിനെ നിലക്കുനിര്‍ത്താനും കഴിയുന്നില്ല. രണ്ടുദിവസം കഴിഞ്ഞതോടെ മുറിവില്‍നിന്നും പുഴു വരാന്‍ തുടങ്ങി. ആനയ്ക്കും ആനക്കാരനും നിവൃത്തിയില്ലാതായി. അത്രക്ക് ജഗജില്ലിയായിരുന്ന പദ്മനാഭന്‍ ഒടുവില്‍ വേദന സഹിക്കാന്‍ വയ്യാതെ കാടിനുള്ളിലേക്ക് ഓടിപോയി.
ഈ വിവരം ഞാന്‍ അറിയുന്നത് രാത്രി വളരെ വൈകിയാണ്്. ഉടനെ ഞാന്‍ വാഴാനിഡാമിലെത്തി. കാട്ടിലെത്തി പേരു വിളിച്ച് അല്‍പസമയം നിന്നു. എനിക്കറിയില്ല ആ സമയം എന്റെ മനസ്സിലെ ധൈര്യമെല്ലാം എവിടെനിന്നും ഉണ്ടായെന്ന്. ആനകളോടുള്ള എന്റെ മനസ്സിലെ നിറഞ്ഞ സ്നേഹം എനിക്ക് എപ്പോഴും ധൈര്യം തന്നുകൊണ്ടിരിക്കുന്നു. പദ്മനാഭന്‍ എന്റെ വിളി തിരിച്ചറിഞ്ഞു പുറത്തേക്ക് വന്നു. ഞാന്‍ പതുക്കെ അവന്റെ തുമ്പിക്കയ്യില്‍ തലോടി. ആന എന്റെ കൂടെ പോന്നു. പക്ഷെ ഡാമിന് സമീപം കാത്തുനിന്ന ആളുകള്‍ ആനയെകണ്ടപ്പോള്‍ കല്ലെറിയാന്‍ തുടങ്ങി. പപ്പു ഇനിയും തിരികെ പോകാന്‍ സാധ്യതയുണ്ട്. ജനങ്ങളെ ഞാന്‍ തടഞ്ഞു. ചങ്ങലയില്‍ കെട്ടാന്‍ തുടങ്ങിയാല്‍ ആനക്ക് ഞാന്‍ ഉപദ്രവിക്കാനാണെന്ന് സംശയം തോന്നാം. അതുകൊണ്ട് ഒരു കൊന്നവടി വെട്ടി കോല്‍വിലക്ക് വെച്ച് ഞാന്‍ വീട്ടില്‍ പോയി. പിറ്റേദിവസം ഉച്ചക്കാണ് ഞാന്‍ പദ്മനാഭന്റെ അടുത്തെത്തുന്നത്. ഞാന്‍ എത്തുന്നതുവരെ ആന ആ നില്‍പ്പു നില്‍ക്കുകയായിരുന്നു.
ശരിക്കും വല്ലാത്തൊരു വാത്സല്യമാണ് എനിക്ക് അവനോട് തോന്നിയത്. പിന്നീട് പപ്പുവിനെ തിരുവനന്തപുരത്തുള്ള ഗുരുജി പ്രശാന്ത് വാങ്ങി. ആനക്ക് നല്ല ചികിത്സ നല്‍കി. ഞാന്‍ പപ്പുവിനെ കാണാന്‍ ആഴ്ചയില്‍ ഒരിക്കല്‍ തിരുവനന്തപുരത്തും എത്തി. അവന്‍ എന്നെ എളുപ്പം തിരിച്ചറിഞ്ഞു. സ്നേഹപ്രകടനങ്ങള്‍ നടത്തി. എനിക്ക് ആനയോടുള്ള അടുപ്പം തിരിച്ചറിഞ്ഞ ഗുരുജി ചന്ദ്രശേഖരന്‍ എന്ന ആനയെ എനിക്ക് സമ്മാനമായി തന്നു.
ഇന്ന് ചന്ദ്രശേഖരന്‍ മാത്രമല്ല നാട്ടിലെ ആനകളെല്ലാം ശ്രീജിത്തിന്റെ ഓമനകളാണ്. ആനയുടെ സ്വഭാവം അത്ര പെട്ടെന്നൊന്നും ആര്‍ക്കും തിരിച്ചറിയാനാകില്ലെന്ന് ശ്രീജിത്ത് പറയും. ശാന്തനാണെന്നു പറഞ്ഞാലും മദപ്പാടിലാണ് യഥാര്‍ത്ഥ സ്വഭാവം പുറത്തുവരിക. ഏത് ശാന്തനും അപ്പോള്‍ ഉഗ്രരൂപിയാകും. ആനയും ആനപ്പണിയും എന്തെന്നറിയാത്ത പാപ്പാന്‍മാര്‍ പലപ്പോഴും അപകടത്തിനിരയാകും. ആദ്യം ഭക്ഷണം കൊടുത്ത്, കുളിപ്പിക്കുമ്പോള്‍ സഹായിയായി, തീറ്റ വെട്ടി, മെല്ലെ മെല്ലെ പുറത്തുകയറി മൂന്നുനാലുവര്‍ഷം കഴിയുമ്പോഴാണ് കൊമ്പു പിടിക്കുക. ഇങ്ങനെയുള്ളവര്‍ ഇന്ന് അപൂര്‍വ്വം. ഓരോ ആനക്കും ഓരോ സ്വഭാവമാണ്. ഒന്നു രണ്ടുവര്‍ഷമെങ്കിലും കൂടെ നിന്നാലെ അത് തിരിച്ചറിയു.ഒരു കാരക്കോല്‍ പോലും എടുക്കാതെ ശ്രീജിത്തിന് ആദ്യം മുതലെ ആനകളുടെ അടുത്തേക്ക് പോകാനുള്ള ധൈര്യമുണ്ടെങ്കില്‍ തീര്‍ച്ചയായും അത് സ്നേഹം കൊണ്ടുതന്നെ. ഇന്നത്തെ വെറും ട്രെയിനിങ് കൊണ്ട് നല്ല പാപ്പാന്‍ ആകാന്‍ കഴിയില്ലെന്നാണ് ശ്രീജിത്തിന്റെ അഭിപ്രായം.
മദപ്പാടിലും ആനകളോടുള്ള സമീപനത്തില്‍ ശ്രീജിത്തിന് മാറ്റമില്ല. ചോദിച്ചാല്‍ പറയും...
ഏത് ഉത്സവത്തിനും ഇടഞ്ഞോടിയ ആനകളെല്ലാം ഞാന്‍ വിളിച്ചാല്‍ കൂടെ പോരും.
വിശ്വാസമില്ലെങ്കില്‍ ശ്രീജിത്തിന്റെ ഈ അനുഭവങ്ങള്‍ വായിച്ചുനോക്കു
കുട്ടിശങ്കരന്റെ മദപ്പാട്
ശങ്കരന്‍കുളങ്ങര മണികണ്ഠന്‍, ഊക്കന്‍സ് കുഞ്ചു
പേരാമംഗലത്ത് ശങ്കരന്‍കുളങ്ങര മണികണ്ഠന്‍ കുളത്തില്‍ ചാടി. അവന്റെ വികൃതി കാരണം ഒരു തരത്തിലും കരയ്ക്കുകയറാത്ത അവസ്ഥ. എല്ലാ പോലീസുകാരും സ്ഥലത്തുണ്ട്. ഉടനെ എന്നെ അറിയിച്ചു. അവനെ ഒതുക്കിയതും ഞാന്‍ തന്നെ. അതിരപ്പിള്ളിയില്‍ വെച്ച് ഊക്കന്‍സ് കുഞ്ചു മദമിളകി ഒരാളെ തട്ടിനില്‍ക്കുന്ന സമയം. അവിടെ ചെന്ന് അവനെ ഒതുക്കി ചാലക്കുടിയില്‍ കൊണ്ടുചെന്ന് കെട്ടി.
ഇതുവരെ ഇടഞ്ഞ 13 ഓളം ആനകളെ തളച്ച ഈ 25 കാരന്റെ ആയുധം സ്നേഹം മാത്രമാണ്. സ്നേഹവാക്കുകള്‍കൊണ്ടും കര്‍ക്കശവാക്കുകൊണ്ടും ചിലപ്പോള്‍ ആനയെ വരുതിയിലാക്കുന്ന ശ്രീജിത്തിന്റെ കയ്യില്‍ ഇടഞ്ഞ കൊമ്പന്റെ അടുത്തുപോകുമ്പോഴും കാരക്കോലിന്റെ ഒരു കഷ്ണം പോലും ഉണ്ടാകാറില്ല.
ഈ സ്നേഹത്തെക്കുറിച്ച് ശ്രീജിത്ത് പറയും
ചെറുപ്പത്തില്‍ എല്ലാവരും എന്നെ വിലക്കി. മരണത്തിലേക്കുള്ള എളുപ്പവഴിയാണെന്ന് എല്ലാവരും ഓര്‍മ്മപ്പെടുത്തി. എന്നിട്ടും എവിടെ ആന ഇടഞ്ഞാലും ഞാന്‍ അവിടെ ഓടിയെത്തും. ഇടഞ്ഞ ആനയെ നിലക്കുനിര്‍ത്തുന്നതുവരെ ഞാന്‍ പരിശ്രമിക്കും. അതിന് ഞാന്‍ ഇതുവരെ പ്രതിഫലം വാങ്ങിയിട്ടുമില്ല. തിരുവമ്പാടി കുട്ടിശങ്കരന്റെ പാപ്പാനായിരുന്ന കുറ്റിക്കോട് നാരായണന്‍, ശങ്കരന്‍കുളങ്ങര അയ്യപ്പന്റെ പാപ്പാനായിരുന്ന ബിനു എന്നിവരാണ് എനിക്ക് ആനക്കമ്പം നല്‍കിയ ആരാധനാകഥാപാത്രങ്ങള്‍.ഒരിക്കലും ആനയെ നോക്കുന്നയാള്‍ ലഹരിക്ക് അടിമയാകരുത്. ഞാന്‍ ആനയെ തളക്കുകയല്ല മറിച്ച് പാതി ദൈവവും പാതി എന്റെ യുക്തിക്ക് ചേരുന്നതുമാണ് ചെയ്യുന്നത്. ഒരിക്കലും ഉപദ്രവിക്കുകയല്ല.
0 comments:
Post a Comment