Thursday, October 28, 2010

ചില പ്രവാസി ചിന്തകള്‍

''എനിക്ക് മടുത്തു. നാട്ടിലേക്കു തന്നെ തിരിച്ചാലോയെന്ന് പലവട്ടം ആലോചിച്ചു. ഈ ഏകാന്തത വല്ലാതെ മടുപ്പിക്കുന്നു. ഈ മരുഭൂമിയില്‍ പകലന്തിയോളം തനിച്ചിരിക്കുന്ന അവസ്ഥ അസഹനീയമാണ്. ചാറ്റിങിലൂടെ എത്രയെന്നുവേച്ചാ സുഹൃത്തുക്കളെ ശല്യപ്പെടുത്തുന്നത്. ഭര്‍ത്താവിനെയും ബോറടിപ്പിക്കുന്നതില്‍ പരിധിയില്ലേ. എന്നാല്‍ ഒരു ജോലി നോക്കാമെന്നു വെച്ചാല്‍ അതിന് ചില അവസ്ഥകള്‍ അനുകൂലവുമല്ല''.

കഴിഞ്ഞ ദിവസം ഒരു സുഹൃത്തിനെ ചാറ്റാന്‍ കിട്ടിയപ്പോള്‍ അവളുടെ അവസ്ഥകള്‍ എന്നോട് വിവരിച്ചതാണിത്.
im so bored dii. wat can i do at home?
കുക്കിംഗ് പഠിക്കു. നിന്റെ കെട്ടിയോന്റെ ഹെല്‍ത്തിനെപ്പറ്റി ചിന്തിക്കു.
i wud lik 2 belve im gud at cukg
ഉം ഓക്കെ. കുക്കിംഗ്..കുക്കുംഗ് കുക്കിംഗ്.. ഇതിലെന്തോന്ന് പഠിക്കാനിരിക്കുന്നു. അതൊരു പക്ഷം.

ഇപ്പോള്‍ നാട്ടില്‍ ഭയങ്കര മഴയാണത്രേ. തുഷാര്‍ സാറിന്റെ നീണ്ട ഒരു മെയില്‍ കണ്ടു. എല്ലാം വല്ലാതെ മിസ്സ് ചെയ്യുന്നു എന്നല്ലാതെ വേറെന്തു പറയാന്‍. മാധ്യമപ്രവര്‍ത്തകയായി കൊച്ചിയില്‍ വിലസി നടന്നിരുന്ന ദിവസങ്ങളും താമസസ്ഥലവും എല്ലാം മിസ്സ് ചെയ്യുന്നു. തുഷാറിന്റെ ചാറ്റിങില്‍ പഴയ താമസസ്ഥലം മാറിയെന്നറിഞ്ഞു. എനിക്ക് ചെറിയ വിഷമം തോന്നായ്കയില്ല. പക്ഷെ തുഷാറിന് സന്തോഷം. അവള്‍ പറയുന്നു.
It was gud at that mady aunty's house.
മോരും മെഴുക്കുപുരട്ടിയും മാത്രം കഴിച്ചുള്ള ആന്റിയുടെ വീട്ടില്‍നിന്നുള്ള മോചനം തുഷാറിനെ സന്തോഷിപ്പിക്കുന്നുണ്ട്.

കുറെ പ്രവാസി ബ്ലോഗുകള്‍ കുത്തിയിരുന്നു വായിച്ചു. നാട്ടിലിരുന്ന് ചില വീരന്‍മാരുടെ പരിഹാസങ്ങള്‍ മുന്‍പ് കേട്ട ഓര്‍മ്മയില്‍ ഞാനതെല്ലാം വായിച്ചു. ഓഫീസ്..റും..ഓഫീസ്..റൂം ഈ അവസ്ഥയില്‍ എന്തെങ്കിലും ഒരു നേരംമ്പോക്കില്ലെങ്കില്‍ മുരടിച്ചുപോകും. വലിയ സാഹിത്യകാരനാകണമെന്നില്ല എഴുതാന്‍. മനസ്സില്‍ തോന്നുന്നതെല്ലാം കയ്യില്‍ അത്യാവശ്യം കരുതിയിരിക്കുന്ന പദസമ്പത്തുപയോഗിച്ച് നിങ്ങള്‍ക്കെഴുതാം. പലപ്പോഴും ഇവിടെയെത്തുമ്പോഴാണ് പലരുടെയും ഭാവനകള്‍ ഉണരുന്നത്. വീടും നാടും ഓര്‍മ്മകളും മനസ്സില്‍ നിറഞ്ഞുനില്‍ക്കും. നാട്ടില്‍വെച്ചു സംഭവിച്ച പല നുറുങ്ങുചിന്തകളും മനസ്സിലേക്ക് ഓടിയെത്തും. ഞാനിതെഴുതികൊണ്ടിരിക്കുന്നത് ഉച്ചസമയത്താണ്. വേറെ ജോലിയൊന്നുമില്ലാതെ ബോറടിച്ചിരിക്കുമ്പോഴാണ് ആ ബോറടി ഇങ്ങോട്ടു പകര്‍ത്തിയേക്കാം എന്ന് തോന്നിയത്. ഇത്ര സമയം രവീന്ദ്രന്‍ സംഗീതം മുറിയില്‍ നിറയെ തങ്ങിനിന്നിരുന്നു. ഇപ്പോള്‍ ഓരോ നേരിയ ശബ്ദവും
എനിക്ക് കേള്‍ക്കാന്‍ സാധിക്കുന്നുണ്ട്. അത്രക്കു നിശബ്ദത.

സമീപത്ത് ഏകദേശം എല്ലാം തന്നെ പാക്കിസ്ഥാനികളായതുകൊണ്ടാകണം ഭര്‍ത്താവിന്റെ കര്‍ശനനിര്‍ദേശമുണ്ട്. മുറി തുറക്കാനോ പുറത്തിറങ്ങാനോ പാടില്ലതന്നെ. ഓക്കെ ശരി. ഞാന്‍ കതകില്‍ ഘടിപ്പിച്ചിരിക്കുന്ന ചെറിയ ലെന്‍സിലൂടെ പുറത്തേക്കു നോക്കും. വലിയ വെളുത്ത പൈജാമയിട്ട ഒരു വയസ്സന്‍ പാക്കിസ്ഥാനി തലങ്ങും വിലങ്ങും നടക്കുന്നതുകാണാം. കയറിച്ചെല്ലുന്നിടത്തുതന്നെയാണ് കിച്ചന്‍ എന്നുള്ളതുകൊണ്ട് മിക്കവാറും സമയങ്ങളില്‍ അയാള്‍ കതക് തുറന്നിട്ടാകും പാചകം. എനിക്ക് സമയം കൊല്ലാന്‍ ഇതില്‍പരം മറ്റെന്തുവേണം. ഓരോ പ്രകടനങ്ങള്‍കണ്ട് ഞാന്‍ അടക്കിച്ചിരിക്കും. അഴികളില്ലാത്ത ഗ്ലാസ് കൊണ്ട് മറച്ച വലിയൊരു ജനലുണ്ട്.

ഗ്ലാസ് നീക്കി കൈ പുറത്തേക്കിട്ടാല്‍ ചുട്ടുപൊള്ളും. നിറയെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍. ഒരാളെപോലും പുറത്തേക്ക് കാണാറില്ല. സ്വന്തമായി വാഹനങ്ങളില്ലാത്ത ഒന്നോ രണ്ടോ പേര്‍ നടന്നുപോകുന്നത് കാണാം. വെറുതെ നമ്മുടെ നാടുമായി ഉപമിച്ചുപോയി. റോഡരികില്‍ ഇപ്പോള്‍ പഞ്ചായത്തുതെരഞ്ഞെടുപ്പുവിശേഷങ്ങളാകും. കൂട്ടുസംഗമങ്ങളില്‍ നിന്നും സിഗരറ്റ്പുക ഉയരുന്നുണ്ടാകും. കടവരാന്തകളില്‍ തിക്കുംതിരക്കുമാകും. ഹാ...എല്ലാം വല്ലാതെ മിസ് ചെയ്യുന്നു.