Friday, September 10, 2010

മാമ്മിലിപ്പറമ്പിലെ വിശേഷങ്ങള്‍

പഴയ തറവാടുവീടാണ്‌. ജൂലായ്‌ 9 ന്‌ വലതുകാലെടുത്തുവെച്ച ദിവസം മുതല്‍ ഈ തറവാട്ടുവീട്ടിലാണ്‌ എന്റെ വാസം. ഇവിടെ ഓരോരുത്തരുടെയും സംസാരത്തിനുമുണ്ടൊരു തനി നാട്ടിന്‍പ്പുറം ശൈലി. ചുറ്റും വിശാലമായ പറമ്പാണ്‌. പറമ്പില്‍ ഇടയ്‌ക്കിടെ പീലിവിടര്‍ത്തിയാടുന്ന മയിലുകളെ കാണാം. മനുഷ്യരുടെ കാല്‍പ്പെരുമാറ്റം കേട്ടാല്‍ അവ പറന്നുപോകുന്നതും കാണാം. ആദ്യ ദിവസം മയിലിനെ കണ്ടപ്പോള്‍ ഞാന്‍ അദ്‌ഭുതപ്പെട്ടുപോയി. ഇതെന്തൊരു നാടെന്നു ആദ്യമൊന്നു ആശങ്കപ്പെട്ടു. പക്ഷെ ഈ നാടിനോളം സൗന്ദര്യം മറ്റെവിടെയും ഞാന്‍ കണ്ടിട്ടില്ല. വീടിനുചുറ്റും വലിയ മുറ്റമാണ്‌. മുറ്റത്തിന്റെ തെക്കേ കോണിലായി കിഴക്കോട്ടു തിരിഞ്ഞ്‌ ഭഗവതിയെ കുടിയിരുത്തിയിരിക്കുന്നു. വീട്ടുവകയാണ്‌ ഈ ക്ഷേത്രം. എന്ത്‌ ആഗ്രഹസാഫല്യത്തിനും ഈ ക്ഷേത്രത്തില്‍ വിളക്കുവെച്ചു തൊഴുതു പ്രാര്‍ത്ഥിച്ചാല്‍ സഫലമാകുമെന്നൊരു വിശ്വാസം ഇവിടെയുണ്ട്‌.
പറമ്പില്‍ നിറയെ കൃഷിയാണ്‌. നേന്ത്രവാഴയും തെങ്ങും കവുങ്ങും എന്നുവേണ്ട സകലവിധ സാമഗ്രികളും ഇവിടത്തെ എക്‌സ്‌ മിലിട്ടറി കുട്ടിച്ഛന്‍ വെച്ചുപിടിപ്പിച്ചിരിക്കുന്നു. മാസം നല്ലൊരു വരുമാനം കക്ഷിക്ക്‌ ആ വകയിലുണ്ട്‌. മിലിട്ടറിയില്‍ നിന്നും വിരമിച്ചതിനുശേഷം പകലന്തിയോളം കക്ഷി പറമ്പിലാണ്‌.
രാവും പകലും കഠിനാധ്വാനിയായ ഒരമ്മയുണ്ട്‌. എന്റെ പ്രിയതമന്റെ അമ്മ. അതായത്‌ എന്റെ അമ്മായിയമ്മ. എപ്പോഴും തിരക്കിലായിരിക്കും ഈ കഥാപാത്രം. വൃത്തിയാക്കിയയിടത്ത്‌ വീണ്ടും വീണ്ടും വൃത്തിയാക്കിയും, കഴുകിയ പാത്രങ്ങള്‍ വീണ്ടും കഴുകിയും, പറമ്പിലെ പട്ടയും പാളയും വലിച്ചും, എന്നും അമ്പലങ്ങളിലേക്ക്‌ വഴിപാട്‌ നേര്‍ന്നും, മക്കള്‍ക്കും മരുമക്കള്‍ക്കും സദാസമയവും വെച്ചുവിളമ്പിയും ഒരു പാവം അമ്മ. ഒന്നു തുമ്മിയാലും ചുമച്ചാലും എപ്പോഴും ശുശ്രൂഷിച്ചുനടക്കുന്ന ഒരമ്മ. എം.എ, ബിഎഡും സ്വന്തമായി കയ്യിലുണ്ടായിട്ടും ജോലിയെന്നു കേള്‍ക്കുമ്പോഴേ ചങ്കുപൊട്ടുന്ന ഒരു ഏട്ടത്തിയമ്മയാണ്‌ മറ്റൊരു കഥാപാത്രം. എന്റെ പ്രിയതമന്റെ ഏട്ടന്റെ സഹധര്‍മ്മിണിയാണവര്‍. അവധിക്കെത്തുന്ന ഏട്ടന്‍മാര്‍ക്ക്‌ വെച്ചുവിളമ്പലാണ്‌ ഏട്ടത്തിയമ്മയുടെ നേരംമ്പോക്ക്‌. ഏട്ടന്‍മാര്‍ ലീവുകഴിഞ്ഞ്‌ മടങ്ങുന്നതോടെ ഏട്ടത്തിയമ്മയുടെ ഏറ്റവും പ്രിയപ്പെട്ട നേരംമ്പോക്ക്‌ ടിവിയും ഉറക്കവും. പിന്നെ ഇന്നാശു എന്നു ഞാന്‍ ചെല്ലപ്പേരിട്ടു വിളിക്കുന്ന ഇന്ന. അതായത്‌ അമ്മായി. ജീവിതം മുഴുവന്‍ ഞങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കുന്ന ഇന്ന.
നാട്ടിലെ ചില കഥാപാത്രങ്ങളുടെ വിശേഷങ്ങള്‍ പറഞ്ഞാലും അവസാനിക്കാത്തതാണ്‌. നാട്ടിലെങ്ങും അമ്പലങ്ങളാണ്‌. മുടവന്നൂര്‍ ശിവക്ഷേത്രം, തൃത്താല ക്ഷേത്രം, ഞാങ്ങാട്ടിരി ക്ഷേത്രം തുടങ്ങി അമ്പലങ്ങളെല്ലാം തന്നെ പല രീതിയില്‍ പേരുകേട്ടവ തന്നെ. സന്ധ്യ മയങ്ങിയാല്‍ നാട്ടിലെ ചില സ്ഥിരം അമ്പലവാസികള്‍ തൊഴാന്‍ പോകുന്നത്‌ നോക്കിയിരിക്കാന്‍ നല്ല രസമാണ്‌. എനിക്ക്‌ അത്തരം ശീലങ്ങള്‍ വളരെ കുറവാണ്‌. കാരണം മറ്റൊന്നുമല്ല, അതിരാവിലെ എഴുന്നേറ്റ്‌ കുളിക്കണം അത്രതന്നെ. എങ്കിലും തീരാനിര്‍ബന്ധം സഹിക്കാതെ പലപ്പോഴും പോകേണ്ടി വന്നിട്ടുണ്ട്‌. പ്രിയതമന്‌ അക്കാര്യത്തിലൊക്കെ വലിയ വിശ്വാസമാണുതാനും. നാടും വീടും വിട്ട്‌ അന്യദേശത്ത്‌ പോയാലേ ഇതിന്റെയൊക്കെ വില മനസ്സിലാകു എന്നൊരു ഗുണപാഠം പ്രിയതമന്റെതായി എനിക്ക്‌ കിട്ടാറുണ്ട്‌. ഓണത്തിനും വിഷുവിനും പുറമെ തിരുവാതിരയും ഓരോരുത്തരുടെയും നക്ഷത്രം വരുന്ന ദിവസവും (പിറന്നാളിന്‌ പുറമെ) ഇവിടെ പ്രധാനമാണ്‌. കുട്ടിച്ഛന്റെ മകന്‍ വീട്ടിലെത്തുന്ന ദിവസം ടൂവിലര്‍ എടുത്ത്‌ നാടുചുറ്റലാണ്‌ എന്റെ പ്രധാന ഹോബി. ഇടവഴികളിലൂടെയെല്ലാം ഓടിച്ചുവിടും. കമന്റുകളൊന്നും ശ്രദ്ധിക്കാറില്ല. പൊതുവെ തിരക്കില്ലാത്ത ശാന്തമായ സ്ഥലമായതുകൊണ്ട്‌ കണ്ണുമടച്ച്‌ ഓടിക്കാം എന്നൊരു ഗുണമുണ്ട്‌. ഇതിലും പുറമെ എന്തെല്ലാം വിശേഷങ്ങള്‍ ഇവിടെ എന്റെ നാട്ടിലും എന്റെ വീട്ടിലും.

വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തിന്‌ 9 വയസ്സ്‌ ; പുകപടലമായി മാറിയ അവിശ്വസനീയത


2001 സെപ്‌റ്റംബര്‍ പതിനൊന്നിന്റെ നടുക്കുന്ന ഓര്‍മകളില്‍ നിന്നും ലോകം ഇന്നും മുക്തമായിട്ടില്ല. തകര്‍ന്നുവീഴുന്ന വേള്‍ഡ്‌ ട്രേഡ്‌ സെന്ററില്‍ നിന്നു ജീവന്‍ നഷ്ടപ്പെടുന്നതിന്‌ മുന്‍പിലത്തെ കരച്ചില്‍. പിടഞ്ഞുമരിച്ച ജീവനുകള്‍. വലിയ പുകപടലമായി മാറിയ അവിശ്വസനീയത. വേള്‍ഡ്‌ ട്രേഡ്‌ സെന്ററിന്റെ തകര്‍ച്ചയുടെ കാഴ്‌ച്ച ഇങ്ങിനെയൊക്കെയായിരുന്നു. മതത്തിന്റെ പേരിലുള്ള ഭീകര പ്രവര്‍ത്തനങ്ങളുടെ ഉദാഹരണങ്ങളില്‍ ഒന്നായ സെപ്‌റ്റംബര്‍ 11 ആക്രമണത്തിന്റെ ഓര്‍മ്മ ദിനത്തില്‍ ലോകത്ത്‌ എല്ലായിടത്തും വലിയ പരിപാടികളാണ്‌ നടക്കുന്നത്‌. എന്നാല്‍ വര്‍ഷത്തിലൊരിക്കല്‍ സെപ്‌റ്റംബര്‍ 11 ന്റെ ചടങ്ങിലേക്കൊതിങ്ങുന്നില്ല ആ ഓര്‍മ്മകള്‍. അമേരിക്കയില്‍ വേള്‍ഡ്‌ ട്രെയ്‌ഡ്‌ സെന്റര്‍ ആക്രമിക്കപ്പെട്ടിട്ട്‌ ഒമ്പത്‌ വര്‍ഷം തികയുന്നു.
അമേരിക്കയുടെ അഭിമാന സ്‌തംഭങ്ങളായി തലയുയര്‍ത്തി നിന്ന വേള്‍ഡ്‌ ട്രേഡ്‌ സെന്ററിന്റെ ഇരട്ട ഗോപുരങ്ങള്‍ക്ക്‌ നേരെ അല്‍ക്വയ്‌ദ ചാവേറുകള്‍ യാത്രാവിമാനങ്ങള്‍ ഇടിച്ചിറക്കിയിട്ട്‌ ഒമ്പത്‌ തികയുന്നു. 2001 സെപ്‌റ്റംബര്‍ 11 ന്‌ രാവിലെയായിരുന്നു ലോകത്തെ ഞെട്ടിച്ച്‌ അല്‍ക്വയ്‌ദയുടെ ആക്രമണം. 11 ഭീകരര്‍ ചേര്‍ന്നു തട്ടിയെടുത്ത നാലു യാത്രവിമാനങ്ങള്‍ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമിച്ച്‌ തകര്‍ത്തപ്പോള്‍ തീവ്രവാദികള്‍ ഉള്‍പ്പെടെ 90 രാജ്യങ്ങളില്‍ നിന്നുള്ള 2993 പേര്‍ക്കാണ്‌ ജീവന്‍ നഷ്ടപ്പെട്ടത്‌. ലോകത്തിലെ തന്നെ അതീവസുരക്ഷ മേഖലയെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന വാഷിംഗ്‌ടണ്‍ ഡിസിക്ക്‌ സമീപമുള്ള അമേരിക്കന്‍ സൈനിക ആസ്ഥാനമായ പെന്റഗണും ചാവേറുകളുടെ ആക്രമണത്തിന്‌ ഇരയായി. ആയിരങ്ങള്‍ കൊല്ലപ്പെട്ട അക്രമണങ്ങളെ തുടര്‍ന്ന്‌ പതറിയ ഭരണകൂടം വൈകാതെ ഒസാമ ബിന്‍ ലാദനെ പ്രതിസ്ഥാനത്തു നിര്‍ത്തി തീവ്രവാദവിരുദ്ധയുദ്ധം പ്രഖ്യാപിച്ചു. ബുഷ്‌ ഭരണകൂടം തുടക്കമിട്ട അമേരിക്കയുടെ ഭീകരതയ്‌ക്കെതിരെ യുദ്ധത്തിന്റെ നിദാനമായി വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണം മാറി. അല്‍ക്വയ്‌ദ നേതാവ്‌ ബിന്‍ലാദനെ പിടികൂടാനെന്ന പേരില്‍ അഫ്‌ഗാനിസ്ഥാനില്‍ നടത്തിയ അധിനിവേശവും അതിനെ തുടര്‍ന്നുണ്ടായ ലക്ഷങ്ങളുടെ ആള്‍നാശവും ചരിത്രത്തിന്റെ മറ്റൊരു ഭാഗം.

Friday, September 3, 2010

പട്ടാമ്പി


പട്ടാമ്പി, പാലക്കാട്‌ ജില്ലയിലെ ഒരു പ്രാധാന നഗരം. ഭാരതപ്പുഴയുടെ തീരത്താണ്‌ സ്ഥിതി ചെയ്യുന്നത്‌. തൃശൂര്‍ ജില്ലയിലെ കുന്നംകുളം, മലപ്പുറം ജില്ലയിലെ എടപ്പാള്‍, പെരിന്തല്‍മണ്ണ, പാലക്കാട്‌ ജില്ലയിലെ ഷൊര്‍ണ്ണൂര്‍, ചെര്‍പ്പുളശ്ശേരി എന്നീ നഗരങ്ങള്‍ പട്ടാമ്പിയുടെ സമീപപ്രദേശങ്ങളാണ്‌.
ഈ കാരണം കൊണ്ടു തന്നെ പട്ടാമ്പി ഒരു പ്രധാന വാണിജ്യ നഗരം തന്നെയാണ്‌. നഗരം രണ്ടായി തരാം. മേലേപട്ടാമ്പിയും പട്ടാമ്പിയും. ജനസംഖ്യയില്‍ മുഖ്യധാര മുസ്ലിംങ്ങളാണ്‌ ഇവിടെ. കേരളകാര്‍ഷിക സര്‍വ്വകലാശാലയുടെ നെല്‍കൃഷി ഗവേഷണവിഭാഗവും വിത്തുല്‍പ്പാദനകേന്ദ്രവും ഇവിടെയാണ്‌ സ്ഥിതി ചെയ്യുന്നത്‌. ഈ ഗവേഷണകേന്ദ്രത്തിന്റെ ആഗോളപ്രശസ്‌തി വഴി പട്ടാമ്പിയുടെ പേര്‌ കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട്‌ പുറംലോകം മുഴുവന്‍ അറിയപ്പെടാനിടയാക്കി.
കേരളത്തിലെ പഴക്കം ചെന്ന കോളേജുകളിലൊന്നായ ശ്രീ നീലകണ്‌ഠ സര്‍ക്കാര്‍ സംസ്‌കൃത കോളേജ്‌ പട്ടാമ്പിയിലാണ്‌. പ്രശസ്‌ത സംസ്‌കൃതാചാര്യര്‍ നമ്പി ശ്രീ നീലകണ്‌ഠ ശര്‍മയുടെ നാമധേയത്തിലാണ്‌ കോളേജ്‌. പുന്നശേരി നമ്പി സ്ഥാപിച്ച സംസ്‌കൃത വിദ്യാലയമാണ്‌ പിന്‍കാലത്ത്‌ സംസ്‌കൃത കോളേജായത്‌.
സാഹിത്യ സാംസ്‌ക്കാരിക രംഗത്തുള്ള നിരവധി പ്രമുഖരും പട്ടാമ്പി കോളേജില്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. തളിയാതിരി ഭരണക്രമത്തിന്റെ സ്‌മരണകള്‍ നിലനിര്‍ത്തുന്ന കൈത്തളി ക്ഷേത്രവും വള്ളൂര്‍ ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷങ്ങളുടെ സമാപനസ്ഥലമായ ഉണ്ണിഭ്രാന്തന്‍ കാവും സ്ഥിതി ചെയ്യുന്ന നാടാണിത്‌. നിളയുടെ വടക്കേ തീരത്ത്‌ സ്ഥിതി ചെയ്യുന്ന പട്ടാമ്പി പഞ്ചായത്ത്‌ വള്ളൂര്‍, ശങ്കരമംഗലം, കൊടലൂര്‍, കിഴായൂര്‍, നേതിരിമംഗലം എന്നീ പ്രദേശങ്ങള്‍ ചേര്‍ന്നതാണ്‌.
പഞ്ചായത്തിന്റെ വടക്കുകിഴക്ക്‌ ഭാഗത്തെ കല്ലേക്കാട്‌ കുന്നും പെരുമ്പ്രകോട്ടയും കളപ്പാറ കുന്നും തവഗിരി കോട്ടയുടെ ഭാഗമായ കാറ്റാടിക്കുന്നിന്റെ ഒരു ഭാഗവും തെക്കുപടിഞ്ഞാറുഭാഗത്ത്‌ കോഴിക്കുന്നും മധ്യഭാഗത്തായി ആരക്കുന്നും ഉമിക്കുന്നും തെക്കേ അറ്റത്തുള്ള തെക്കഞ്ചരി കുന്നും പഞ്ചായത്തിലെ താരതമ്യേന ഉയര്‍ന്ന പ്രദേശങ്ങളാണ്‌. ഭാരതപ്പുഴ നാലുകിലോമീറ്റര്‍ ദൂരം ഈ പഞ്ചായത്തിന്റെ അതിരിലൂടെ ഒഴുകുന്നു.
ചരിത്രാവശിഷ്ടങ്ങള്‍ക്കും പുരാസ്‌മാരകങ്ങള്‍ക്കും പ്രസിദ്ധമാണ്‌ തൃത്താല.
വലിയൊരു മണ്‍കോട്ടയുടെയും കിടങ്ങിന്റെയും അവശിഷ്ടങ്ങളും ശിവക്ഷേത്രവുമാണ്‌ തൃത്താലയിലെ പ്രധാന ചരിത്ര സ്‌മാരകങ്ങള്‍. പട്ടാമ്പി-ഗുരുവായൂര്‍ റോഡിലുള്ള കാട്ടില്‍ മഠം ക്ഷേത്രം 10 നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ നിര്‍മ്മിച്ച ബുദ്ധമതക്ഷേത്രമാണെന്നു കരുതപ്പെടുന്നു. ചോള വാസ്‌തുശില്‍പശൈലിയില്‍ നിന്നു പാണ്ഡ്യവാസ്‌തുശില്‍പശൈലിയിലുള്ള പരിവര്‍ത്തനം വ്യക്തമാക്കുന്ന ക്ഷേത്രമാണിത്‌. തൃത്താല-കൂറ്റനാട്‌ റോഡിലാണ്‌ പാക്കനാര്‍ സ്‌മാരകം.
പ്രശസ്‌ത എഴുത്തുകാരനും സാമൂഹിക പരിഷ്‌ക്കര്‍ത്താവുമായ വി.ടി ഭട്ടതിരിപ്പാടിന്റെ ജന്മസ്ഥലം കൂടിയാണ്‌ തൃത്താല. ഓരോ ഭാഗത്തും ക്ഷേത്രങ്ങളുള്ളതാണ്‌ ഈ ദേശത്തിന്റെ പ്രത്യേകത. ഓരോ ക്ഷേത്രങ്ങള്‍ക്കും പറയാന്‍ ഒരുപാട്‌ പുരാണക്കഥകളും.