Friday, September 10, 2010

മാമ്മിലിപ്പറമ്പിലെ വിശേഷങ്ങള്‍

പഴയ തറവാടുവീടാണ്‌. ജൂലായ്‌ 9 ന്‌ വലതുകാലെടുത്തുവെച്ച ദിവസം മുതല്‍ ഈ തറവാട്ടുവീട്ടിലാണ്‌ എന്റെ വാസം. ഇവിടെ ഓരോരുത്തരുടെയും സംസാരത്തിനുമുണ്ടൊരു തനി നാട്ടിന്‍പ്പുറം ശൈലി. ചുറ്റും വിശാലമായ പറമ്പാണ്‌. പറമ്പില്‍ ഇടയ്‌ക്കിടെ പീലിവിടര്‍ത്തിയാടുന്ന മയിലുകളെ കാണാം. മനുഷ്യരുടെ കാല്‍പ്പെരുമാറ്റം കേട്ടാല്‍ അവ പറന്നുപോകുന്നതും കാണാം. ആദ്യ ദിവസം മയിലിനെ കണ്ടപ്പോള്‍ ഞാന്‍ അദ്‌ഭുതപ്പെട്ടുപോയി. ഇതെന്തൊരു നാടെന്നു ആദ്യമൊന്നു ആശങ്കപ്പെട്ടു. പക്ഷെ ഈ നാടിനോളം സൗന്ദര്യം മറ്റെവിടെയും ഞാന്‍ കണ്ടിട്ടില്ല. വീടിനുചുറ്റും വലിയ മുറ്റമാണ്‌. മുറ്റത്തിന്റെ തെക്കേ കോണിലായി കിഴക്കോട്ടു തിരിഞ്ഞ്‌ ഭഗവതിയെ കുടിയിരുത്തിയിരിക്കുന്നു. വീട്ടുവകയാണ്‌ ഈ ക്ഷേത്രം. എന്ത്‌ ആഗ്രഹസാഫല്യത്തിനും ഈ ക്ഷേത്രത്തില്‍ വിളക്കുവെച്ചു തൊഴുതു പ്രാര്‍ത്ഥിച്ചാല്‍ സഫലമാകുമെന്നൊരു വിശ്വാസം ഇവിടെയുണ്ട്‌.
പറമ്പില്‍ നിറയെ കൃഷിയാണ്‌. നേന്ത്രവാഴയും തെങ്ങും കവുങ്ങും എന്നുവേണ്ട സകലവിധ സാമഗ്രികളും ഇവിടത്തെ എക്‌സ്‌ മിലിട്ടറി കുട്ടിച്ഛന്‍ വെച്ചുപിടിപ്പിച്ചിരിക്കുന്നു. മാസം നല്ലൊരു വരുമാനം കക്ഷിക്ക്‌ ആ വകയിലുണ്ട്‌. മിലിട്ടറിയില്‍ നിന്നും വിരമിച്ചതിനുശേഷം പകലന്തിയോളം കക്ഷി പറമ്പിലാണ്‌.
രാവും പകലും കഠിനാധ്വാനിയായ ഒരമ്മയുണ്ട്‌. എന്റെ പ്രിയതമന്റെ അമ്മ. അതായത്‌ എന്റെ അമ്മായിയമ്മ. എപ്പോഴും തിരക്കിലായിരിക്കും ഈ കഥാപാത്രം. വൃത്തിയാക്കിയയിടത്ത്‌ വീണ്ടും വീണ്ടും വൃത്തിയാക്കിയും, കഴുകിയ പാത്രങ്ങള്‍ വീണ്ടും കഴുകിയും, പറമ്പിലെ പട്ടയും പാളയും വലിച്ചും, എന്നും അമ്പലങ്ങളിലേക്ക്‌ വഴിപാട്‌ നേര്‍ന്നും, മക്കള്‍ക്കും മരുമക്കള്‍ക്കും സദാസമയവും വെച്ചുവിളമ്പിയും ഒരു പാവം അമ്മ. ഒന്നു തുമ്മിയാലും ചുമച്ചാലും എപ്പോഴും ശുശ്രൂഷിച്ചുനടക്കുന്ന ഒരമ്മ. എം.എ, ബിഎഡും സ്വന്തമായി കയ്യിലുണ്ടായിട്ടും ജോലിയെന്നു കേള്‍ക്കുമ്പോഴേ ചങ്കുപൊട്ടുന്ന ഒരു ഏട്ടത്തിയമ്മയാണ്‌ മറ്റൊരു കഥാപാത്രം. എന്റെ പ്രിയതമന്റെ ഏട്ടന്റെ സഹധര്‍മ്മിണിയാണവര്‍. അവധിക്കെത്തുന്ന ഏട്ടന്‍മാര്‍ക്ക്‌ വെച്ചുവിളമ്പലാണ്‌ ഏട്ടത്തിയമ്മയുടെ നേരംമ്പോക്ക്‌. ഏട്ടന്‍മാര്‍ ലീവുകഴിഞ്ഞ്‌ മടങ്ങുന്നതോടെ ഏട്ടത്തിയമ്മയുടെ ഏറ്റവും പ്രിയപ്പെട്ട നേരംമ്പോക്ക്‌ ടിവിയും ഉറക്കവും. പിന്നെ ഇന്നാശു എന്നു ഞാന്‍ ചെല്ലപ്പേരിട്ടു വിളിക്കുന്ന ഇന്ന. അതായത്‌ അമ്മായി. ജീവിതം മുഴുവന്‍ ഞങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കുന്ന ഇന്ന.
നാട്ടിലെ ചില കഥാപാത്രങ്ങളുടെ വിശേഷങ്ങള്‍ പറഞ്ഞാലും അവസാനിക്കാത്തതാണ്‌. നാട്ടിലെങ്ങും അമ്പലങ്ങളാണ്‌. മുടവന്നൂര്‍ ശിവക്ഷേത്രം, തൃത്താല ക്ഷേത്രം, ഞാങ്ങാട്ടിരി ക്ഷേത്രം തുടങ്ങി അമ്പലങ്ങളെല്ലാം തന്നെ പല രീതിയില്‍ പേരുകേട്ടവ തന്നെ. സന്ധ്യ മയങ്ങിയാല്‍ നാട്ടിലെ ചില സ്ഥിരം അമ്പലവാസികള്‍ തൊഴാന്‍ പോകുന്നത്‌ നോക്കിയിരിക്കാന്‍ നല്ല രസമാണ്‌. എനിക്ക്‌ അത്തരം ശീലങ്ങള്‍ വളരെ കുറവാണ്‌. കാരണം മറ്റൊന്നുമല്ല, അതിരാവിലെ എഴുന്നേറ്റ്‌ കുളിക്കണം അത്രതന്നെ. എങ്കിലും തീരാനിര്‍ബന്ധം സഹിക്കാതെ പലപ്പോഴും പോകേണ്ടി വന്നിട്ടുണ്ട്‌. പ്രിയതമന്‌ അക്കാര്യത്തിലൊക്കെ വലിയ വിശ്വാസമാണുതാനും. നാടും വീടും വിട്ട്‌ അന്യദേശത്ത്‌ പോയാലേ ഇതിന്റെയൊക്കെ വില മനസ്സിലാകു എന്നൊരു ഗുണപാഠം പ്രിയതമന്റെതായി എനിക്ക്‌ കിട്ടാറുണ്ട്‌. ഓണത്തിനും വിഷുവിനും പുറമെ തിരുവാതിരയും ഓരോരുത്തരുടെയും നക്ഷത്രം വരുന്ന ദിവസവും (പിറന്നാളിന്‌ പുറമെ) ഇവിടെ പ്രധാനമാണ്‌. കുട്ടിച്ഛന്റെ മകന്‍ വീട്ടിലെത്തുന്ന ദിവസം ടൂവിലര്‍ എടുത്ത്‌ നാടുചുറ്റലാണ്‌ എന്റെ പ്രധാന ഹോബി. ഇടവഴികളിലൂടെയെല്ലാം ഓടിച്ചുവിടും. കമന്റുകളൊന്നും ശ്രദ്ധിക്കാറില്ല. പൊതുവെ തിരക്കില്ലാത്ത ശാന്തമായ സ്ഥലമായതുകൊണ്ട്‌ കണ്ണുമടച്ച്‌ ഓടിക്കാം എന്നൊരു ഗുണമുണ്ട്‌. ഇതിലും പുറമെ എന്തെല്ലാം വിശേഷങ്ങള്‍ ഇവിടെ എന്റെ നാട്ടിലും എന്റെ വീട്ടിലും.

9 comments:

Vijesh said...

അങ്ങോട്ട്‌ എത്താന്‍ ഉള്ള വഴി കൂടെ ഒന്ന് പരയാമാര്നു ,,,,
പട്ടാമ്പിയില്‍ ഇറങ്ങി.. നിളാനദി നീതിക്കടന്നു...(ഇപ്പൊ പാലം ഉണ്ടല്ലേ... :) ) ഒരു അന്ജ്ജെട്ടു കിലോമീറ്റര്‍ നടന്നാല്‍(വള്ളി കിട്ടിയില്ലേല്‍ ) ഈ തറവാട്ടില്‍ എത്താം...

Sruthi said...

chechi... ellarem sugipichalle??? anyways nice... vayikkan sugamundu.

hafeez said...

ഹൃദ്യമായ വിവരണം.. ആശംസകള്‍ ..

ചെറുവാടി said...

നാടും നാട്ടുകാര്യവും വീടും വീട്ടുകാര്യവും.
രസമുള്ള വായന.
ആശംസകള്‍.

...sijEEsh... said...

നന്നായി...
ബ്ലോഗ്‌ ലോകത്തിലേക്ക്‌ സ്വാഗതം
തുടരുക...

...sijEEsh... said...

നന്നായി...
ബ്ലോഗ്‌ ലോകത്തിലേക്ക്‌ സ്വാഗതം
തുടരുക...

എന്റെ നാടും എന്റെ വീടും പിന്നെ എന്നെക്കുറിച്ചും said...

നന്ദി....എല്ലാവര്‍ക്കും. അപ്രതീക്ഷിതമായ എല്ലാ കമന്റുകള്‍ക്കും എല്ലാ സുഹൃത്തുക്കള്‍ക്കും

shajimon said...

CARRY ON .... WRITE CONTINUOUSLY ..

shajimon said...

veedum ezhuthuka ...