Thursday, April 8, 2010

ഒരു ആനക്കഥ വായിക്കാം


ഇവനാരടാ

മോന്‍...
ഒരിക്കലെങ്കിലും ഒരാനയെ തൊട്ടുനോക്കണമെന്ന് ആഗ്രഹമുണ്ടായിരുന്ന ഒരു ബാല്യമുണ്ടായിരുന്നു ശ്രീജിത്തിന്. ആനഭ്രമം മൂത്ത് എവിടെ ആനയുണ്ടോ അവിടെയെല്ലാം ശ്രീജിത്ത് ഓടിയെത്തി. പഠനക്കാലത്ത് വീട്ടില്‍നിന്നും കൊടുത്തുവിടുന്ന രൂപക്ക് മുഴുവന്‍ ആനയ്ക്ക് ഭക്ഷണം വാങ്ങികൊടുത്തു. ഒടുവില്‍ ശ്രീജിത്തിന്റെ ആനഭ്രമം തിരിച്ചറിഞ്ഞ ഒരാള്‍ ഒരാനയെ ശ്രീജിത്തിന് സമ്മാനമായി നല്‍കുകയും ചെയ്തു. ചന്ദ്രശേഖരന്‍ എന്നറിയപ്പെടുന്ന ആന ഇന്ന് ശ്രീജിത്തിന്റെ കൂടെയുണ്ട്. തൊട്ടും തലോടിയും ഓമനിച്ചും ശ്രീജിത്ത് അവനെ നോക്കുന്നു. ശ്രീജിത്തിന്റെ വാക്കുകളോടും സ്നേഹപ്രകടനങ്ങളോടും ചന്ദ്രശേഖരന്‍ ശബ്ദമില്ലാത്ത ചലനങ്ങളോടെ പ്രതികരിക്കും. ചിലപ്പോള്‍ ശബ്ദമുണ്ടാക്കിയും ശ്രീജിത്തിനുമാത്രം മനസ്സിലാകുന്ന ഭാഷയില്‍.

ആ മാരാത്ത് പറമ്പ്

തൃശൂര്‍ മുളങ്കുന്നത്തുകാവില്‍ ശ്രീജിത്തിന്റെ കോളങ്ങര പറമ്പിന്‍ വീടിനടുത്ത് ആനച്ചൂര് നിറഞ്ഞ ഒരു മാരാത്ത് പറമ്പുണ്ടായിരുന്നു. തിരുവമ്പാടി ദേവസ്വത്തിലെ ആനകളെ തളച്ചിരുന്ന മാരാത്ത് പറമ്പ്. മാരാത്ത് പറമ്പ് പ്രശസ്തമാകുന്നതും അങ്ങിനെയാണ്.
ഒരേ സമയം എട്ടും പത്തും ആനകളെ ഇവിടെ തളക്കാറുണ്ട്. രാജകീയ പ്രൌഢിയോടെ തലയെടുത്തുനിന്നിരുന്ന ചരിഞ്ഞ ചന്ദ്രശേഖരന്‍ മുതല്‍ തിരുവമ്പാടിയുടെ രാമഭദ്രന്‍, കുട്ടിശങ്കരന്‍, ചെറിയ ചന്ദ്രശേഖരന്‍, ഉണ്ണികൃഷ്ണന്‍, രാജശേഖരന്‍ തുടങ്ങി എല്ലാ ആനകളും അവിടെ സ്ഥിരം വന്നുപൊയിക്കൊണ്ടിരുന്നു. എന്റെയും കൂട്ടുകാരുടെയും കളിസ്ഥലം മാരാത്ത്പറമ്പിന്റെ വേലിക്കിപ്പുറം ആയിരുന്നു.
അന്ന് തിരുവമ്പാടി ഉണ്ണികൃഷ്ണന്‍ പന്തളം രാഘവന്‍നായര്‍ എന്ന ആനക്കാരനെ കൊന്ന സമയമാണെന്ന് എനിക്ക് അറിയില്ലായിരുന്നു. വീട്ടില്‍നിന്നുള്ള വിലക്കും ഞാന്‍ ഗൌനിച്ചില്ല. കൂട്ടുകാരെല്ലാം കല്ലെറിഞ്ഞും മരക്കൊമ്പുകൊണ്ട് കുത്തിയും ആനകളെ പ്രകോപിപ്പിക്കുമ്പോള്‍ സമീപത്തെ കൊച്ചുമാവില്‍ നിന്നും കല്ലെറിഞ്ഞ് മാങ്ങ വീഴ്ത്തി ഞാന്‍ ആനകള്‍ക്ക് എറിഞ്ഞുകൊടുക്കും. അന്നെല്ലാം ആനകള്‍ ഞങ്ങളെ രൂക്ഷമായി നോക്കുന്നുണ്ടോ, പെട്ടെന്നെങ്ങാനും മദമിളകി ഞങ്ങളെയെല്ലാം കുത്തിവീഴ്ത്തുമോ എന്നെല്ലാം ഞാന്‍ ഭയപ്പെടുമായിരുന്നു. പക്ഷെ ഞാന്‍ മാങ്ങ എറിഞ്ഞുകൊടുക്കുന്നതല്ലേ, എന്നെ അവ തിരിച്ചറിയും എന്ന് ഞാനും കരുതി.
ക്രമേണ എന്റെ മാങ്ങ കൊടുക്കല്‍ പരിപാടി മാരാത്ത്പറമ്പിന്റെ വേലി പൊളിച്ച് അകത്ത് കടന്നായി. പതുക്കെ പതുക്കെ ആനകള്‍ക്ക് സമീപം ചെന്നു. ആനയുടെ വായിലേക്ക് മാങ്ങാ വെച്ചുകൊടുത്തു. നന്നായിട്ടൊന്ന് തഴുകിയേക്കാം. എനിക്ക് അദ്ഭുതം തോന്നി. എന്നെ അവ തിരിച്ചറിഞ്ഞതില്‍ സന്തോഷവും.
ഈ ബന്ധം കാരണം പിന്നെ ആനയെ കാണാതെ ഇരിക്കാന്‍ വയ്യെന്ന അവസ്ഥയായി. അസുഖം വന്ന് ആശുപത്രിക്കിടക്കയില്‍ ആയപ്പോഴും മറ്റുള്ളവരുടെ കണ്ണുവെട്ടിച്ചും ഞാന്‍ പുറത്തുചാടി.
പതിയെ കൂട്ടുകാരെല്ലാം ആനക്കളി ഉപേക്ഷിച്ച് സ്വന്തം കാര്യം നോക്കി പോയപ്പോള്‍ ശ്രീജിത്തിന്റെ ആനകളി കാര്യമായി. നാട്ടുകാരും വീട്ടുകാരും അന്തവിട്ടു. ശ്രീജിത്തിന്റെ സ്നേഹത്തിലും വാക്കിലും നോക്കിലും ആനകളെല്ലാം വീണുതുടങ്ങിയതോടെ എല്ലാവര്‍ക്കും ഒരുകാര്യം വ്യക്തമായി. ഇത് വെറും കളിയല്ല.
സ്ക്കൂള്‍പഠനം കഴിഞ്ഞ്് പ്രീഡിഗ്രിക്ക് ചേര്‍ന്നതോടെ മാരാത്ത്പറമ്പിലെ സ്ഥിരം സന്ദര്‍ശനത്തിന് സമയം പോരാ എന്നായി. ടൌണില്‍ പോയിവരുന്ന ഗതികേട്. എന്നും അഞ്ച് ലഡുവും വാങ്ങി നേരെ വടക്കുനാഥന്റെ മുന്നിലേക്ക് വച്ചുപിടിക്കും. അവിടെ തലയെടുപ്പോടെ ഒരാള്‍ നില്‍പ്പുണ്ടാകും തിരുവമ്പാടി ഉണ്ണികൃഷ്ണന്‍. നാടുവിറപ്പിക്കുന്ന കൊലകൊമ്പന്‍മാര്‍ക്ക് ഭക്ഷണം വാങ്ങികൊടുത്ത് അവയെ വരുത്തിക്ക് നിര്‍ത്തുന്ന ശ്രീജിത്തിന്റെ കഴിവിനെ വീട്ടുകാര്‍പോലും തിരിച്ചറിഞ്ഞില്ല.
ഇതെങ്ങനെ സാധിക്കുന്നു എന്നു ചോദിച്ചാല്‍ ശ്രീജിത്ത് പറയും- ഇതിലൊന്നും വലിയ കാര്യമില്ല. നമുക്ക് ആനകളോടുള്ള സമീപനത്തില്‍ നേരുണ്ടായിരിക്കണം. അവയെ ഉപദ്രവിക്കരുത്. ഒരു ആനയുടെ അടുത്തേക്ക് പാപ്പാനായി ചെല്ലണമെങ്കില്‍ എല്ലാവര്‍ക്കും ഒന്ന് പേടിപ്പിച്ചൊക്കെ വേണം. പക്ഷെ എനിക്ക് അതിന്റെ ആവശ്യമില്ല. അതുകൊണ്ടുതന്നെയാകണം ഗുരുജി എനിക്ക് ആനയെ സമ്മാനമായി തന്നത്.
ആനക്കമ്പത്തിന് സമ്മാനമായി ഒരാന

ആനക്കമ്പത്തിന് ഒരാനയെ സമ്മാനമായി ലഭിക്കുമെന്ന് ശ്രീജിത്ത് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. ശ്രീജിത്ത് പത്രമാധ്യമങ്ങളിലെ താരമായി. തിരുവനന്തപുരത്തെ ഗുരിജി പ്രശാന്ത് നല്‍കിയ ചന്ദ്രശേഖറുമൊത്ത് ശ്രീജിത്ത് അഭിമാനത്തോടെ നടന്നു.

ആ സംഭവത്തെക്കുറിച്ച്

അഞ്ചു വര്‍ഷം മുന്‍പാണ് ആ സംഭവം. പനയ്ക്കല്‍ പദ്മനാഭനെ (മംഗലാംകുന്ന് പപ്പു) വാഴാനി ഡാമില്‍ മരംപിടിക്കാന്‍ കൊണ്ടു വന്നു. പെരുമ്പാവൂരിലെ മുഹമ്മദ് എന്നയാളായിരുന്നു പദ്മനാഭന്റെ ഉടമസ്ഥന്‍. പദ്മനാഭന്‍ ശരിക്കും പോക്കിരിയായിരുന്നു. അന്ന് പ്രീഡിഗ്രിക്കു ശേഷം തുടര്‍ന്നു പഠിക്കാതെ പാല്‍ വിതരണവും പച്ചക്കറി കച്ചവടവും മൊബൈല്‍ഫോണ്‍ ഡീലര്‍ഷിപ്പുമായി രാവും പകലും ഓടിനടക്കുകയായിരുന്നു ഞാന്‍. അതിനിടയില്‍ ഞാന്‍ പപ്പുവിനെ കാണാന്‍ വാഴാനിയില്‍ എത്തും. ഭക്ഷണം വാങ്ങികൊടുക്കും. ഏറെനേരം അവനോടൊപ്പം ചെലവഴിക്കും.

അവനെ ഉപദ്രവിച്ചാണ് അവര്‍ പണിയിച്ചുകൊണ്ടിരുന്നത്. ഇടയ്ക്കിടെ വേദനകൊണ്ടും ദേഷ്യംകൊണ്ടും അവന്‍ പിണങ്ങിനില്‍ക്കും. പാപ്പാന്‍ ഇടയ്ക്കിടെ വെട്ടുക്കത്തികൊണ്ട് വെട്ടിപരിക്കേല്‍പ്പിച്ച് വരുതിയിലാക്കാന്‍ നോക്കി. രക്ഷയില്ല. പാപ്പാന്‍ രാജന് എങ്ങനെ നോക്കിയിട്ടും അതിനെ നിലക്കുനിര്‍ത്താനും കഴിയുന്നില്ല. രണ്ടുദിവസം കഴിഞ്ഞതോടെ മുറിവില്‍നിന്നും പുഴു വരാന്‍ തുടങ്ങി. ആനയ്ക്കും ആനക്കാരനും നിവൃത്തിയില്ലാതായി. അത്രക്ക് ജഗജില്ലിയായിരുന്ന പദ്മനാഭന്‍ ഒടുവില്‍ വേദന സഹിക്കാന്‍ വയ്യാതെ കാടിനുള്ളിലേക്ക് ഓടിപോയി.

ഈ വിവരം ഞാന്‍ അറിയുന്നത് രാത്രി വളരെ വൈകിയാണ്്. ഉടനെ ഞാന്‍ വാഴാനിഡാമിലെത്തി. കാട്ടിലെത്തി പേരു വിളിച്ച് അല്‍പസമയം നിന്നു. എനിക്കറിയില്ല ആ സമയം എന്റെ മനസ്സിലെ ധൈര്യമെല്ലാം എവിടെനിന്നും ഉണ്ടായെന്ന്. ആനകളോടുള്ള എന്റെ മനസ്സിലെ നിറഞ്ഞ സ്നേഹം എനിക്ക് എപ്പോഴും ധൈര്യം തന്നുകൊണ്ടിരിക്കുന്നു. പദ്മനാഭന്‍ എന്റെ വിളി തിരിച്ചറിഞ്ഞു പുറത്തേക്ക് വന്നു. ഞാന്‍ പതുക്കെ അവന്റെ തുമ്പിക്കയ്യില്‍ തലോടി. ആന എന്റെ കൂടെ പോന്നു. പക്ഷെ ഡാമിന് സമീപം കാത്തുനിന്ന ആളുകള്‍ ആനയെകണ്ടപ്പോള്‍ കല്ലെറിയാന്‍ തുടങ്ങി. പപ്പു ഇനിയും തിരികെ പോകാന്‍ സാധ്യതയുണ്ട്. ജനങ്ങളെ ഞാന്‍ തടഞ്ഞു. ചങ്ങലയില്‍ കെട്ടാന്‍ തുടങ്ങിയാല്‍ ആനക്ക് ഞാന്‍ ഉപദ്രവിക്കാനാണെന്ന് സംശയം തോന്നാം. അതുകൊണ്ട് ഒരു കൊന്നവടി വെട്ടി കോല്‍വിലക്ക് വെച്ച് ഞാന്‍ വീട്ടില്‍ പോയി. പിറ്റേദിവസം ഉച്ചക്കാണ് ഞാന്‍ പദ്മനാഭന്റെ അടുത്തെത്തുന്നത്. ഞാന്‍ എത്തുന്നതുവരെ ആന ആ നില്‍പ്പു നില്‍ക്കുകയായിരുന്നു.

ശരിക്കും വല്ലാത്തൊരു വാത്സല്യമാണ് എനിക്ക് അവനോട് തോന്നിയത്. പിന്നീട് പപ്പുവിനെ തിരുവനന്തപുരത്തുള്ള ഗുരുജി പ്രശാന്ത് വാങ്ങി. ആനക്ക് നല്ല ചികിത്സ നല്‍കി. ഞാന്‍ പപ്പുവിനെ കാണാന്‍ ആഴ്ചയില്‍ ഒരിക്കല്‍ തിരുവനന്തപുരത്തും എത്തി. അവന്‍ എന്നെ എളുപ്പം തിരിച്ചറിഞ്ഞു. സ്നേഹപ്രകടനങ്ങള്‍ നടത്തി. എനിക്ക് ആനയോടുള്ള അടുപ്പം തിരിച്ചറിഞ്ഞ ഗുരുജി ചന്ദ്രശേഖരന്‍ എന്ന ആനയെ എനിക്ക് സമ്മാനമായി തന്നു.

ആനച്ചോറ് കൊലച്ചോറല്ല, കുലച്ചോറ് തന്നെ

ഇന്ന് ചന്ദ്രശേഖരന്‍ മാത്രമല്ല നാട്ടിലെ ആനകളെല്ലാം ശ്രീജിത്തിന്റെ ഓമനകളാണ്. ആനയുടെ സ്വഭാവം അത്ര പെട്ടെന്നൊന്നും ആര്‍ക്കും തിരിച്ചറിയാനാകില്ലെന്ന് ശ്രീജിത്ത് പറയും. ശാന്തനാണെന്നു പറഞ്ഞാലും മദപ്പാടിലാണ് യഥാര്‍ത്ഥ സ്വഭാവം പുറത്തുവരിക. ഏത് ശാന്തനും അപ്പോള്‍ ഉഗ്രരൂപിയാകും. ആനയും ആനപ്പണിയും എന്തെന്നറിയാത്ത പാപ്പാന്‍മാര്‍ പലപ്പോഴും അപകടത്തിനിരയാകും. ആദ്യം ഭക്ഷണം കൊടുത്ത്, കുളിപ്പിക്കുമ്പോള്‍ സഹായിയായി, തീറ്റ വെട്ടി, മെല്ലെ മെല്ലെ പുറത്തുകയറി മൂന്നുനാലുവര്‍ഷം കഴിയുമ്പോഴാണ് കൊമ്പു പിടിക്കുക. ഇങ്ങനെയുള്ളവര്‍ ഇന്ന് അപൂര്‍വ്വം. ഓരോ ആനക്കും ഓരോ സ്വഭാവമാണ്. ഒന്നു രണ്ടുവര്‍ഷമെങ്കിലും കൂടെ നിന്നാലെ അത് തിരിച്ചറിയു.ഒരു കാരക്കോല്‍ പോലും എടുക്കാതെ ശ്രീജിത്തിന് ആദ്യം മുതലെ ആനകളുടെ അടുത്തേക്ക് പോകാനുള്ള ധൈര്യമുണ്ടെങ്കില്‍ തീര്‍ച്ചയായും അത് സ്നേഹം കൊണ്ടുതന്നെ. ഇന്നത്തെ വെറും ട്രെയിനിങ് കൊണ്ട് നല്ല പാപ്പാന്‍ ആകാന്‍ കഴിയില്ലെന്നാണ് ശ്രീജിത്തിന്റെ അഭിപ്രായം.
മദപ്പാടിലും ആനകളോടുള്ള സമീപനത്തില്‍ ശ്രീജിത്തിന് മാറ്റമില്ല. ചോദിച്ചാല്‍ പറയും...
ഏത് ഉത്സവത്തിനും ഇടഞ്ഞോടിയ ആനകളെല്ലാം ഞാന്‍ വിളിച്ചാല്‍ കൂടെ പോരും.


വിശ്വാസമില്ലെങ്കില്‍ ശ്രീജിത്തിന്റെ ഈ അനുഭവങ്ങള്‍ വായിച്ചുനോക്കു

കുട്ടിശങ്കരന്റെ മദപ്പാട്

ആന തെറ്റിയെന്ന് ആരെങ്കിലും ഫോണില്‍ വിളിച്ചറിയിച്ചാല്‍ എനിക്ക് പോകാതിരിക്കാനാകില്ല. പതിമൂന്നാം വയസ്സുമുതലെ ഇടഞ്ഞ ആനകളെ വരുതിയിലാക്കാന്‍ പാപ്പാന്‍മാരെ സഹായിച്ചുതുടങ്ങിയതാണ് ഞാന്‍. ഞാന്‍ ഒറ്റക്ക് ഒരാനയെ തളക്കുന്നത് തികച്ചും യാദൃശ്ചികമായാണ്. അഞ്ചുവര്‍ഷം മുന്‍പ് തിരുവമ്പാടി ഉണ്ണികൃഷ്ണന് പാപ്പാന്‍മാര്‍ ആരും ഇല്ലായിരുന്നു. ആ സമയത്ത് ആനയുടെ കാര്യങ്ങള്‍ നോക്കിയിരുന്നത് ഞാനാണ്. മാരാത്ത് പറമ്പില്‍ ആനയുടെ വിശ്രമസ്ഥലം വൃത്തിയാക്കി വെള്ളവും തീറ്റയും കൊടുത്ത് നേരെ തൃശൂരിലേക്ക്. പാറമേക്കാവ്, തിരുവമ്പാടി, ഭുവനേശ്വരി, അശോകേശ്വരം ക്ഷേത്രങ്ങളില്‍ ദര്‍ശനം. പിന്നെ അശോകേശ്വരം ക്ഷേത്രത്തില്‍ തളച്ചിരിക്കുന്ന കുട്ടിശങ്കരന്റെ അടുത്ത് അല്‍പസമയം. ഒരു ദിവസം എന്നെ കൂട്ടാതെ സുഹൃത്തുക്കളെല്ലാം ക്ഷേത്രദര്‍ശനത്തിന് പോയി. ആ സമയത്തായിരുന്നു കുട്ടിശങ്കരന് മദപ്പാടിളകിയത്. ശിവരാത്രിക്കടുത്ത ദിവസങ്ങള്‍ കുട്ടിശങ്കരന്റെ മദപ്പാട് സമയമാണെന്ന എന്റെ ഊഹം തെറ്റിയില്ല, അറിഞ്ഞയുടനെ അങ്ങോട്ട് തിരിച്ചു. കടയില്‍നിന്നും ഒരു പായ്ക്കറ്റ് ബ്രഡും വാങ്ങി. ചെന്നപ്പോള്‍ ക്ഷേത്രപരിസരമാകെ ബഹളം. ആരെയും അകത്തേക്ക് കടക്കാന്‍ പോലീസ് അനുവദിക്കുന്നില്ല. ജനത്തിരക്കില്‍ എനിക്കും ഒന്നും ചെയ്യാന്‍ കഴിയാതെ വിഷമിച്ചു. പെട്ടെന്ന് ഒരു ആനയുടമ എന്നെ തിരിച്ചറിഞ്ഞു. നേരെ പോലീസുകാരോട് പറഞ്ഞ് എന്നെ അകത്തേക്ക് കൂട്ടികൊണ്ടുപോയി. പതുക്കെ പേരുവിളിച്ച് അവന്റെ അടുത്തേക്ക് ഞാന്‍ ചെന്നു. കൂടുതല്‍ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതെ ചങ്ങലയില്‍ വടംചേര്‍ത്ത് തളച്ചു. അടുത്തുചെന്ന് കൈയ്യില്‍ കരുതിയിരുന്ന ബ്രഡ് ആനയുടെ വായില്‍ വെച്ചുകൊടുത്തു. അതോടെ കുട്ടിശങ്കരന്‍ ഒതുങ്ങി.
ചൂരക്കാട്ടുകര അയ്യപ്പദാസ്

ചൂരക്കാട്ടുകര അയ്യപ്പദാസ് എന്ന ആന മാടക്കത്തറ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടഞ്ഞപ്പോള്‍ പിടിച്ചുകെട്ടിയത് മറക്കാനാവാത്ത അനുഭവമാണെന്ന് ശ്രീജിത്ത്. അമ്പലത്തിന്റെ കുറച്ചു ഭാഗങ്ങള്‍ അവന്‍ നശിപ്പിച്ചു. മറ്റ് പല നാശനഷ്ടങ്ങളും വരുത്തി. സമീപവാസികളോട് ഒഴിഞ്ഞുപോകാന്‍ വരെ പോലീസ് ആവശ്യപ്പെട്ടു. സംഭവം അറിഞ്ഞ് ഞാന്‍ അങ്ങോട്ട് ചെന്നു. അപ്പോള്‍ നിവൃത്തിയില്ലാതെ മയക്കുവെടിവെക്കാന്‍ ഡോ.ഗിരിദാസ് ഒരുങ്ങിനില്‍ക്കുകയാണ്, രണ്ടു പാപ്പാന്‍മാര്‍ മുന്നില്‍നിന്ന്്് ആനയെ വശത്താക്കാനും ശ്രമിക്കുന്നുണ്ട്. ആനക്ക് ശ്രദ്ധ അവരിലായതുകൊണ്ട് പിന്നില്‍ വന്നുനിന്ന എന്നെ അവന്‍ കണ്ടില്ല. ചങ്ങലക്കുരുക്കില്‍ വടം ഉടക്കിയപ്പോള്‍ ആന പെട്ടെന്ന് എന്റെ നേരെ തിരിഞ്ഞു. എന്നോടുള്ള ദേഷ്യം തീര്‍ക്കാന്‍ ഒരു വലിയ ജനറേറ്റര്‍ എന്റെ നേരെ എടുത്തുപൊക്കി. അപ്പോഴും ഞാന്‍ ഒന്നും മിണ്ടാതെ നിന്നു. അപ്പോള്‍ ഒന്നു വിലക്കിയിരുന്നെങ്കില്‍ ജനറേറ്റര്‍ നശിപ്പിക്കുമായിരുന്നു. ഞാന്‍ അവന്റെ പേര് വിളിച്ചു. ഞങ്ങള്‍ പരസ്പരം ആദ്യമായാണ് അപ്പോള്‍ കാണുന്നത് തന്നെ. എന്നിട്ടും എന്റെ സ്നേഹത്തോടെയുള്ള ശാസന അവന്‍ തിരിച്ചറിഞ്ഞു. വളരെ കഷ്ട്ടപ്പെട്ടായാലും കൂടുതല്‍ അപകടങ്ങളില്ലാതെ അവനെ തളച്ചു. ഒടുവില്‍ ആനയെ ലോറിയില്‍ കയറ്റികൊണ്ടുപോകും വരെ ഞാന്‍ അവിടെ നിന്നു.

ശങ്കരന്‍കുളങ്ങര മണികണ്ഠന്‍, ഊക്കന്‍സ് കുഞ്ചു

പേരാമംഗലത്ത് ശങ്കരന്‍കുളങ്ങര മണികണ്ഠന്‍ കുളത്തില്‍ ചാടി. അവന്റെ വികൃതി കാരണം ഒരു തരത്തിലും കരയ്ക്കുകയറാത്ത അവസ്ഥ. എല്ലാ പോലീസുകാരും സ്ഥലത്തുണ്ട്. ഉടനെ എന്നെ അറിയിച്ചു. അവനെ ഒതുക്കിയതും ഞാന്‍ തന്നെ. അതിരപ്പിള്ളിയില്‍ വെച്ച് ഊക്കന്‍സ് കുഞ്ചു മദമിളകി ഒരാളെ തട്ടിനില്‍ക്കുന്ന സമയം. അവിടെ ചെന്ന് അവനെ ഒതുക്കി ചാലക്കുടിയില്‍ കൊണ്ടുചെന്ന് കെട്ടി.


ഇതുവരെ ഇടഞ്ഞ 13 ഓളം ആനകളെ തളച്ച ഈ 25 കാരന്റെ ആയുധം സ്നേഹം മാത്രമാണ്. സ്നേഹവാക്കുകള്‍കൊണ്ടും കര്‍ക്കശവാക്കുകൊണ്ടും ചിലപ്പോള്‍ ആനയെ വരുതിയിലാക്കുന്ന ശ്രീജിത്തിന്റെ കയ്യില്‍ ഇടഞ്ഞ കൊമ്പന്റെ അടുത്തുപോകുമ്പോഴും കാരക്കോലിന്റെ ഒരു കഷ്ണം പോലും ഉണ്ടാകാറില്ല.

ഈ സ്നേഹത്തെക്കുറിച്ച് ശ്രീജിത്ത് പറയും
ചെറുപ്പത്തില്‍ എല്ലാവരും എന്നെ വിലക്കി. മരണത്തിലേക്കുള്ള എളുപ്പവഴിയാണെന്ന് എല്ലാവരും ഓര്‍മ്മപ്പെടുത്തി. എന്നിട്ടും എവിടെ ആന ഇടഞ്ഞാലും ഞാന്‍ അവിടെ ഓടിയെത്തും. ഇടഞ്ഞ ആനയെ നിലക്കുനിര്‍ത്തുന്നതുവരെ ഞാന്‍ പരിശ്രമിക്കും. അതിന് ഞാന്‍ ഇതുവരെ പ്രതിഫലം വാങ്ങിയിട്ടുമില്ല. തിരുവമ്പാടി കുട്ടിശങ്കരന്റെ പാപ്പാനായിരുന്ന കുറ്റിക്കോട് നാരായണന്‍, ശങ്കരന്‍കുളങ്ങര അയ്യപ്പന്റെ പാപ്പാനായിരുന്ന ബിനു എന്നിവരാണ് എനിക്ക് ആനക്കമ്പം നല്‍കിയ ആരാധനാകഥാപാത്രങ്ങള്‍.ഒരിക്കലും ആനയെ നോക്കുന്നയാള്‍ ലഹരിക്ക് അടിമയാകരുത്. ഞാന്‍ ആനയെ തളക്കുകയല്ല മറിച്ച് പാതി ദൈവവും പാതി എന്റെ യുക്തിക്ക് ചേരുന്നതുമാണ് ചെയ്യുന്നത്. ഒരിക്കലും ഉപദ്രവിക്കുകയല്ല.

0 comments: