Thursday, April 8, 2010

ലങ്കയെ പരിചയപ്പെടാം

ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടിയ ശ്രീലങ്കന്‍ നേതാവ് അണ്ണാമലൈ വരദരാജ പെരുമാളിന്റെ മകള്‍ക്കെന്ത് മലയാളസിനിമയില്‍ കാര്യം? ചോദ്യം മലയാളികളില്‍ നിന്നുതന്നെയാവാം. കലാവേദികളില്‍ പ്രതിഭ തെളിയിച്ച് മലയാള സിനിമരംഗത്തേക്കു മാറ്റുരയ്ക്കാനെത്തുന്ന ഈ ശ്രീലങ്കന്‍ വനിതക്ക് മലയാളികളോട് പങ്കുവെക്കാന്‍ ചിലതുണ്ട്.

പുതിയ കാല്‍വെപ്പിനെക്കുറിച്ച് നീലാംബരി പെരുമാള്‍
എന്റെ ജീവിതത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സംരംഭമാണിത്. ഇപ്പോള്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന ഉമ്മര്‍ കരിക്കാട് സംവിധായകനും യു.പ്രദീപ് പ്രൊഡ്യൂസറുമായ മലയാള സിനിമ ബോംബെ മിഠായി നിലവിലുള്ള സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചാണ്. പണമുണ്ടാക്കാനുള്ള യുവജനങ്ങളുടെ അമിതമായ താല്‍പ്പര്യവും അതുമൂലം അവര്‍ ചെന്നുപെടുന്ന അപകടകെണിയുമാണ് ഈ ചിത്രത്തി ല്‍ പ്രതിപാദിക്കുന്നത്. സാമൂഹികപ്രശ്നങ്ങളെ എന്‍ടെര്‍ടെയിനിംഗ് രീതിയില്‍ കൊണ്ടുവരാനാണ് സംവിധായകന്‍ ഉമ്മര്‍ കരിക്കാട് ശ്രമിക്കുന്നത്. നോര്‍ത്ത് ഇന്ത്യയില്‍ താമസിക്കുന്ന ഒരു യുവപത്രപ്രവര്‍ത്തകയാണ് എന്റെ കഥാപാത്രം.

നീലാംബരി. പശ്ചാത്തലം
എന്റെ ആദ്യത്തെ ഫീച്ചര്‍ ഫിലിം ആണ് ബോംബെ മിഠായി. കൂടാതെ ഒരു ആര്‍ട്ടിസ്റ്റ് ഡല്‍ഹിയിലെ തീയേറ്ററുകളില്‍ ഞാന്‍ ചെയ്തിരുന്നു. കോളേജ് കാലങ്ങളില്‍ ഞാന്‍ തീയേറ്ററിലെ അംഗമായിരുന്നു. സാമൂഹികപ്രശ്നങ്ങളെ മുന്‍നിര്‍ത്തി ഞാന്‍ നാടകം ചെയ്തിരുന്നു. എന്‍.ജി.ഒ യില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അച്ഛന്‍ വരദരാജ പെരുമാള്‍. ശ്രീലങ്കയിലെ തമിഴരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ വിപ്ളവകാരി, ശ്രീലങ്ക നോര്‍ത്ത് ഈസ്റ്റ് പ്രൊവിന്‍സിലെ മുന്‍ ചീഫ് മിനിസ്റര്‍. അമ്മ ഗൌരി ഭരതനാട്യം ഡാന്‍സര്‍. അമ്മയാണ് എനിക്ക് കലാരംഗത്തേക്ക് എത്താനുള്ള പ്രചോദനമേകിയത്. പിന്നെ രണ്ട് സഹോദരിമാര്‍. മറ്റ് കുടുംബാംഗങ്ങളോടൊപ്പം ഞങ്ങളെയും കുറെനാള്‍ നാടുകടത്തിയിരുന്നു. ആ കാലം വളരെ ഭീകരമാണ്. പെരുമാള്‍ 19 വര്‍ഷം മുന്‍പാണ് ഇന്ത്യയിലെത്തുന്നത്. ഇന്ത്യന്‍ സമാധാനസേനയോട് ആഭിമുഖ്യം പുലര്‍ത്തി എന്നാരോപിച്ച് പുലികള്‍ വടക്കുകിഴക്കന്‍ പ്രവൃശ്യാ മുഖ്യമന്ത്രിയായ പെരുമാളിനെ വധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ലങ്കയില്‍ പുലിഭീഷണി നീങ്ങിയതോടെയാണ് സ്വതന്ത്രമായി സഞ്ചരിക്കാനായത്.
ഡല്‍ഹിയില്‍ ഒരു ഹിന്ദി നാടകത്തില്‍ ഒരു പത്രപ്രവര്‍ത്തകയുടെ വേഷത്തില്‍ ഞാന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ നാടകം ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിലും ചെയ്തു. ബോംബെ മിഠായിയുടെ പ്രൊഡ്യൂസര്‍ യു.പ്രദീപ് അത് കാണാനിടയായി. അദ്ദേഹത്തിന് എന്റെ അഭിനയം ഇഷ്ട്പ്പെട്ടു. പിന്നീട് അദ്ദേഹം വീട്ടില്‍ വന്ന് അച്ഛനെ നേരില്‍ കണ്ടു. ഈ സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടോ എന്ന് ചോദിച്ചു. കഥ കേട്ടപ്പോള്‍ എനിക്കും ഏറെ ഇഷ്ട്ടപ്പെട്ടു.

ലയാളസിനിമയെക്കുറിച്ച്ഞാന്‍ തമിഴ് സിനിമയും തെലുങ്ക് സിനിമയും കാണാറുണ്ട്. എന്നാല്‍ ഇവ താരതമ്യപ്പെടുത്തിയാല്‍ മലയാള സിനിമ കൊമേഴ്സ്യല്‍ അല്ല. എന്നാല്‍ നല്ല ക്വാളിറ്റി സിനിമകള്‍ മലയാളത്തില്‍ പ്രതീക്ഷിക്കാം. സാമൂഹിക പ്രസക്തിയുള്ളതാണ് മലയാള സിനിമ. വെറുതെ ഒരു നായികയും നായകനും വില്ലനും മാത്രമുള്ളതല്ല. മലയാളസിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് എനിക്ക് കിട്ടിയ നല്ല ഒരു അവസരമാണ്.
കഴിഞ്ഞ കാലത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ഭയമാണ്. 1985 ഓഗസ്റ്റ് 31 ന് കുംഭകോണത്താണ് എന്റെ ജനനം. അച്ഛന്‍ വിപ്ളവകാരിയായതുകൊണ്ട് ഞങ്ങള്‍ക്ക് മൌരീറ്റസിലേക്ക് താമസം മാറ്റേണ്ടി വന്നു. പിന്നീട് 1991 ല്‍ അച്ഛന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമിഴ്നാട്ടില്‍ കൊല്ലപ്പെട്ടപ്പോള്‍ രാജീവ്ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം ഞങ്ങള്‍ ഇന്ത്യയിലേക്ക് വന്നു. പോലീസ് സംരക്ഷണത്തോടെയാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. രണ്ടു വര്‍ഷം മദ്ധ്യപ്രദേശിലെ ചന്ദേരിയില്‍ താമസിച്ചു. അവിടെ ഒരു വനപ്രദേശമായതിനാല്‍ സ്ക്കൂളില്‍ പോകാനുള്ള സൌകര്യം ഇല്ലായിരുന്നു. ട്യൂഷന്‍ മാസ്റ്റര്‍ വീട്ടില്‍ വന്ന് ഞങ്ങളെ പഠിപ്പിച്ചു. അങ്ങനെയാണ് ഹിന്ദിയുടെ ആദ്യപാഠം ഞാന്‍ പഠിക്കുന്നത്. രാജസ്ഥാനിലേക്ക് താമസം മാറ്റിയപ്പോള്‍ അവിടത്തെ സോഫിയ സ്കൂളില്‍ ഞങ്ങള്‍ക്ക് അഡ്മിഷന്‍ ലഭിച്ചു. ആ സ്കൂളിലെ ആകര്‍ഷണകേന്ദ്രമായിരുന്നു ഞങ്ങള്‍. കാരണം ഒരു ജീപ്പ് പോലീസുകാര്‍ എപ്പോഴും ഞങ്ങള്‍ക്ക് ചുറ്റും സുരക്ഷാവലയം തീര്‍ത്തിരുന്നു.

ല്‍ഭയാനകമായ അന്തരീക്ഷത്തില്‍ ജനിച്ചുവളര്‍ന്നതുകൊണ്ടാകണം അന്നേ ഒരു നാണംകുണുങ്ങിയും ആരോടും മിണ്ടാത്ത ഒരു സമീപനവുമായിരുന്നു എന്റെത്. അമ്മയോട് മാത്രമാണ് ഏറെ അടുപ്പമുണ്ടായിരുന്നത്. അന്നൊന്നും തീരെ ആത്മവിശ്വാസം ഇല്ലായിരുന്നു എനിക്ക്. എന്നാല്‍ എന്റെ രണ്ടാമത്തെ സഹോദരി അങ്ങനെയായിരുന്നില്ല. എന്റെ ഒതുങ്ങിയ പ്രകൃതം കണ്ട് അച്ഛനും അമ്മയും എന്നെ ഡാന്‍സും നീന്തലുമൊക്കെ പഠിക്കാന്‍ നിര്‍ബന്ധിച്ചു. നാലില്‍ പഠിക്കുമ്പോള്‍ ഭരതനാട്യം അഭ്യസിച്ചുതുടങ്ങി. ഏഴാം ക്ളാസില്‍ പഠിക്കുമ്പോള്‍ മാനക്ക് ചന്ദ്് ജോദ്പുരി എന്ന അദ്ധ്യാപകന്റെ കീഴില്‍ കഥകളി പഠിക്കാന്‍ തുടങ്ങി. സ്ക്കൂളിലെ ഏത് പരിപാടികള്‍ക്കും ഞങ്ങളുടെ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്തതായി. വേദികളെ അങ്ങനെയാണ് ഞാന്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയത്. ആര്‍ട്ടിസ്റ് പ്രകാശിന്റെ കീഴില്‍ പെയിന്റിംഗ് പഠിച്ചു. അദ്ദേഹം മരിച്ചുപോയി. അദ്ദേഹം ഒരു പരുക്കനായതുകൊണ്ട് അദ്ദേഹത്തിന്റെ അടുത്ത് പഠിക്കാന്‍ വിടരുതെന്ന് അന്നൊക്കെ എല്ലാവരും അമ്മയെ ഉപദേശിച്ചു. പക്ഷെ അദ്ദേഹം എന്നെ പഠിപ്പിക്കാന്‍ തയ്യാറായിരുന്നു. പ്ളസ് ടു വിന് പഠിക്കുമ്പോള്‍ ഞങ്ങള്‍ ഡല്‍ഹിയിലേക്ക് പോയി. 2003 ലാണ് ഡല്‍ഹിയിലേക്കെത്തുന്നത്്. പത്മിനി കോലാപൂര്‍ എന്ന ആക്ടിങ് സ്ക്കൂളില്‍ എനിക്ക് അഡ്മിഷന്‍ ലഭിച്ചു. അവിടെ എന്‍.ജി.ഒ യുടെ സാഖാ എന്ന നാടകത്തിന്റെ ഓഡിഷനുവേണ്ടി ഞങ്ങളെ കൊണ്ടുപോയി. ഡല്‍ഹിയിലെ പാര്‍ലമെന്റ് സ്ട്രീറ്റില്‍ നടന്ന ഇറാഖ് യുദ്ധത്തിനെതിരെ പ്രതികരിക്കുന്ന നാടകം ആയിരുന്നു എന്റെ ആദ്യത്തെ തെരുവുനാടകം. പിന്നീട് എനിക്ക് വെങ്കിടേശ്വര കോളേജില്‍ അഡ്മിഷന്‍ ലഭിച്ചു. ആദ്യത്തെ വര്‍ഷം ഞാന്‍ കൂടുതല്‍ ചെലവഴിച്ചത് റിഹേഴ്സലിനും ഓഡിഷനുമൊക്കെയായിരുന്നു. അങ്ങനെ ഡല്‍ഹിയിലേക്ക് വന്നത് എനിക്ക് പുതിയൊരു അനുഭവമായിരുന്നു. കാരണം എന്റെ ജീവിതത്തില്‍ ആദ്യമായാണ് സെക്യൂരിറ്റി ഇല്ലാതെ ഞാന്‍ പുറത്തിറങ്ങുന്നത്. അന്നെല്ലാം ഞാന്‍ അഭിനയത്തെക്കുറിച്ച് തീവ്രമായി ചിന്തിച്ചു. മാതാപിതാക്കളറിയാതെ കോളേജിന് അകത്തും പുറത്തും ഒരുപാട് നാടകങ്ങള്‍ അവതരിപ്പിച്ചു. എന്‍.ജി.ഒ ഗ്രൂപ്പുമായി ചേര്‍ന്ന് നിരവധി വര്‍ക്കുകള്‍.
ആദ്യത്തെ സിനിമനിര്‍മ്മാണംഞാനും എന്റെ കുറച്ച് സുഹൃത്തുക്കളും കൂടിയാണ് ഒരു സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്്. ആറുമിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഷോര്‍ട്ട് ഫിലിം. അന്നാണ് ഞാന്‍ മനസ്സിലാക്കിയത് സിനിമ നിര്‍മ്മിക്കുന്നത് എളുപ്പമുള്ള ഒരു കാര്യമല്ലെന്ന്. പിന്നീട് ഞാന്‍ ഓലീപ്പ് സിംഗ് എന്നയാളുടെ അസി. പ്രൊഡക്ഷന്‍ യൂണിറ്റ് മാനേജരായി. മാധ്യമപ്രവര്‍ത്തനം അനിശ്ചിതമായ ഒരു മേഖലയാണ്. പിന്നെ കുറച്ചുനാള്‍ നിയമം പഠിച്ചു. അഭിനയവും നൃത്തവും മറക്കാന്‍ കഴിയാത്ത ഒന്നായതുകൊണ്ട് വീണ്ടും അഭിനയത്തിലേക്ക് തന്നെ ചുവടുവെച്ചു. ജീവിതത്തില്‍ നിന്നും എനിക്ക് മനസ്സിലായ ഒരു കാര്യമുണ്ട് നമ്മള്‍ എന്നും പഠിക്കുകയാണ് എന്ന സത്യം.

0 comments: