Monday, May 2, 2011

ഓരോ പാട്ടുകളും ഓര്‍മ്മപ്പെടുത്തലുകളാണല്ലോ

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം, എന്‍ ആത്മാവിന്‍ നഷ്ടസുഗന്ധം...എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു തുടങ്ങിയ ചില പ്രണയ വിരഹഗാനങ്ങളെല്ലാം തന്നെ വെള്ളക്കുപ്പായക്കാരനിലൂടെയാണ് മനസ്സിന്റെ ഒരു കോണില്‍ ഇടം നേടാന്‍ തുടങ്ങിയത്. പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം... എന്ന പാട്ടിനോട് ഇന്നും പതിവില്‍ കവിഞ്ഞൊരു ആരാധനയുണ്ട്. ഓരോ പാട്ടുകളും ഓരോ ഓര്‍മ്മകളെയാണല്ലോ കൂട്ടിക്കൊണ്ടു വരിക.

ഞങ്ങളുടെ വീടിന്റെ മുന്‍വശത്തെ ടാറിടാത്ത റോഡിനപ്പുറം ഒരു ടറസ്സ് വീടുണ്ട്. അക്കാലത്ത് ഇവിടെ ഒരേയൊരു ടറസ് വീടേയുള്ളു. അതാണ് ഈ പ്രേമേട്ടന്റെ വീട്. എന്റെ വീടിനു സമീപം ടി.വി യുള്ള ഒരേയൊരു വീടും ഇതുതന്നെ. ഞായറാഴ്ച്ചത്തെ നാലുമണി പടവും വെള്ളിയാഴ്ച്ചത്തെ ചിത്രഗീതവും കാണാന്‍ വീട്ടിലെ പണിയെല്ലാം തീര്‍ത്ത് നേരത്തെ ചെന്ന് സ്ഥലം പിടിച്ചോണം. അല്ലെങ്കില്‍ ഏറ്റവും പിന്നിലിരുന്ന് ചില ശബ്ദങ്ങള്‍ മാത്രം കേള്‍ക്കാം. അന്നെല്ലാം വീട്ടില്‍ ടി.വി ഉള്ളവരെല്ലാം പണക്കാരെന്നാണ് എന്റെ ധാരണ.

അങ്ങിനെ അന്ന് വെള്ളിയാഴ്ച്ച ഞാനും മോളുവും(ചേച്ചി) ചിത്രഗീതം കാണാന്‍ പ്രേമേട്ടന്റെ വീട്ടിലങ്ങിനെ ഇരിക്കുന്നു. ചേട്ടന് ഇതിലൊന്നും വലിയ ഇന്ററസ്റ്റ് ഇല്ല. സമീപത്ത് മൂക്കളപിഴിഞ്ഞ് നാലഞ്ചുപേരുണ്ട്. പ്രേമേട്ടനും അയാളുടെ രണ്ട് ഇരട്ടസഹോദരങ്ങളും കസേരയില്‍. നിലത്ത് കൈകൊണ്ട് ചിത്രം വരച്ച് ഞാനവരെ ഇടയ്ക്കിടെ നോക്കാറുണ്ട്. എന്താണെന്നറിയില്ല, അവരുടെ തണ്ടും തടിയും ചെറുപ്പത്തിലേ എന്നില്‍ വല്ലാത്തൊരു പേടിയുണ്ടാക്കിയിരുന്നു. ഒരു പാട്ടുകഴിഞ്ഞപ്പോള്‍ അവിടുത്തെ അമ്മൂമ്മ പ്രേമേട്ടനും ഇരട്ടകള്‍ക്കും മൂന്നു പ്ലേറ്റില്‍ മിക്‌സ്ചര്‍ കൊണ്ടുകൊടുക്കുന്നു. പരസ്യം വന്നപ്പോള്‍ മൂന്നുപേരും അടുക്കളയിലേക്ക്. എന്റെ വായില്‍ വെള്ളമൂറുന്നു. ഞാന്‍ മോളുന്റെ തുടയില്‍ ഒന്നു നുള്ളി. അടുക്കളയില്‍ നിന്നും സ്വകാര്യസംഭാഷണം.

" ടാ പ്രേമാ..അവറ്റോള്‍ടെ കൊതിപറ്റണ്ട, മക്കളിവിടെ ഇരുന്ന് തിന്നോ..."

എന്റെ നെഞ്ച് നീറി. അവറ്റോള്‍ടെ കൊതി പറ്റേണ്ട പോലും.

" നമ്മടെ കൊതി പറ്റീട്ടാവ്വുംലേ മോള്വോ ഇവരൊക്കെ ഇങ്ങനെ തടിച്ചത്? ".

പെന്‍സില്‍ പോലിരിക്കണ എന്റെ ചിരിച്ചോണ്ടുള്ള ചോദ്യം കേട്ടതും അവള്‍ എന്നെ രൂക്ഷമായൊന്ന് നോക്കി. എഴുന്നേറ്റ് എന്നെകൊണ്ട് വേഗം വീട്ടിലേക്ക് നടന്നു. ഇനി പ്രേമേട്ടന്റോടക്കില്ല എന്ന ഉറച്ചൊരു തീരുമാനവും. തിങ്കളാഴ്ച്ച സ്‌ക്കൂളില്‍ പോകുമ്പോള്‍ കുട്ടികളെല്ലാം ചിത്രഗീതത്തെക്കുറിച്ചും ഞായറാഴ്ച്ചത്തെ സിനിമയെക്കുറിച്ചും വാതോരാതെ സംസാരിക്കുമല്ലോ എന്നോര്‍ത്ത് ഞാനാകെ അങ്കലാപ്പിലായി. ക്ലാസിലാണെങ്കില്‍ ടി.വി യുള്ള വീട്ടീന്നാണ് ഞാനും വരുന്നേന്ന് പറഞ്ഞുംപോയി. കുട്ടികള്‍ക്കെല്ലാം വെറും ടി.വി പോരാ അതില്‍ കേബിളും വേണം. അതാണെങ്കില്‍ ഡബിള്‍ ക്രഡിറ്റാണ്. എന്തായാലും എന്റെ പരാതി കേട്ട് സഹികെട്ടായിരിക്കണം അല്‍പം ദൂരെയാണെങ്കിലും ഒരു ബന്ധുവിന്റെ വീട്ടിലേക്ക് ഞായറാഴ്ച്ചപ്പടം കാണാന്‍ അമ്മ എന്നെകൊണ്ടു പോയത്. തിങ്കളാഴ്ച്ച സംതൃപ്തിയോടെ ഞാന്‍ സ്‌ക്കൂളിലും പോയി.

കുറച്ചുമാസങ്ങള്‍ക്കുശേഷം, പ്രേമേട്ടന്റെ വീട്ടുകാരെല്ലാം തല്ലിപ്പിരിഞ്ഞെന്നും വീടിപ്പോള്‍ പൂട്ടിക്കിടക്കുകയാണെന്നും അച്ഛന്‍ പറയുന്ന കേട്ടു. സത്യാവസ്ഥ അറിയാന്‍ അവരുടെ വേലിക്കരികെ ചെന്നു നോക്കി. വീട് പൂട്ടിക്കിടക്കുന്നു. ടി.വി വിറ്റുകാണുമോ? വേലിക്കരികില്‍ വളര്‍ന്നുനില്‍ക്കുന്ന ഒരു കുഞ്ഞുചെടി അപ്പോഴാണ് ഞാന്‍ ആദ്യമായി കാണുന്നത്. അതിലുണ്ടായിരിക്കുന്ന നീണ്ടുചെറിയ പച്ചകായ്കളും ചില ഉണങ്ങിയ കായ്കളും. എനിക്കതിന്റെ പേര് ഇപ്പോഴും അറിയില്ല. മോളുവും മറ്റ് വലിയ ചില പട്ടാളക്കൂട്ടങ്ങളും എന്തോ ഒരു സാധനം വേലിക്കരികില്‍ നിന്നും പറിച്ച് തുപ്പല്‍ നനച്ച് തലയില്‍ വെക്കുന്നത് കാണാറുണ്ട്. ഒരു നിമിഷം, ടിക് എന്നൊരു ശബ്ദവും അവരുടെ ആര്‍പ്പും കേള്‍ക്കാം. ഇതാ ഞാനും അത് കണ്ടെത്തിയിരിക്കുന്നു. ഒരെണ്ണം പറിച്ചു തുപ്പല്‍ നനച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ കൈയില്‍ വെച്ചത് പൊട്ടി. ഉണങ്ങിയ രണ്ട് കായ്കള്‍ പറിച്ച് കയ്യിലും കരുതി. ആരെങ്കിലും കണ്ടാല്‍ ഇനി അതിനും അവകാശക്കാരാകും. വീട്ടിലെത്തി ചേട്ടന്റെയും മോളൂന്റെയും മുന്നിലിരുന്ന് അഭിമാനത്തോടെ ഞാനത് പൊട്ടിച്ചു.

പ്രേമേട്ടന്റെ അടഞ്ഞുകിടക്കുന്ന വീട്ടില്‍ പുതിയ വാടകക്കാരെത്തിയത്രേ. പറഞ്ഞുകേട്ടു. ഞാനെങ്ങും കണ്ടില്ല. ആരാണ് എന്താണ് ഞാനെന്തിനറിയണം. എങ്കിലും ഉമ്മറം അടിച്ചുവാരുമ്പോള്‍ കണ്ടു അവരുടെ ഗേറ്റിനു മുകളില്‍ കൈരണ്ടും കയറ്റി മൂളിപ്പാട്ടും പാടി ഒരാള്‍. ഇങ്ങോട്ടാണ് നോട്ടം. എന്തെങ്കിലുമാകട്ടെ എനിക്കല്‍പ്പം ഗമയൊക്കെ തോന്നി. ആയിടെ അച്ഛന്‍ എവിടെ നിന്നോ സംഘടിപ്പിച്ചു കൊണ്ടുവന്ന പഴയ ടേപ്പ്‌റിക്കോര്‍ഡില്‍ ഒരു കാസറ്റെടുത്തിട്ടു. പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം.....ഒരു പാട്ടിന്റെ അകമ്പടി എന്തിനും നല്ലതാണല്ലോ. പാട്ടിനനുസരിച്ച് ഞാന്‍ അടിച്ചുവാരി. അടിച്ചിടത്ത് വീണ്ടും വീണ്ടും അടിച്ചുവാരി. ഒളികണ്ണിട്ട് ഗേറ്റിനടുത്തേക്കും. ഒരു നിമിഷത്തെ എന്തോ ഒന്ന്. പ്രണയമാണോ? ഇന്നും ആ പാട്ട് കേള്‍ക്കുമ്പോള്‍ ആ സീനുകള്‍ ഞാന്‍ ഓര്‍ക്കാറുണ്ട്. ഒരു നിമിഷത്തെ ആ പ്രണയത്തെ ഞാന്‍ സ്മരിക്കാറുണ്ട്. ഓരോ പാട്ടുകളും ഓരോ ഓര്‍മ്മപ്പെടുത്തലുകളാണ്.

3 comments:

prakashettante lokam said...

തൃശ്ശൂരില്‍ നിന്ന് ആശംസകള്‍

മനോഹരമായി എഴുതിയിരിക്കുന്നു. എന്നും എഴുതൂ എന്തെങ്കിലും.

സ്നേഹത്തോടെ
ജെ പി അങ്കിള്‍

muji said...

nanaaittunt .tanx

Absar Mohamed : അബസ്വരങ്ങള്‍ said...

manoharamaayi ezhuthi.aashamsakal.
www.absarmohamed.blogspot.com