രുദ്ര
......മനസ്സിന് വല്ലാത്തൊരു വേദനയുണ്ട്. പറഞ്ഞുവരുമ്പോള്‍ അത് വെറുമൊരു പൈങ്കിളിയാകുമോ എന്നറിയില്ല. ഞാന്‍ ബോള്‍ഡായ പെണ്‍കുട്ടിയാണെന്നാണ് പലരുടെയും ധാരണ. എനിക്കറിയില്ല, ഞാന്‍ ഇപ്പോള്‍ കാണിക്കുന്നത് ശരിയാണോ എന്ന്. എന്റെ മനസ്സ് അത് എങ്ങിനെയാണ് പറഞ്ഞുതരുന്നതെന്ന്. എന്തായാലും ഇതിവിടെ അവസാനിക്കട്ടെ. ഞാന്‍ അയച്ച മൊബൈല്‍ മെസേജുകള്‍ക്കൊന്നും മറുപടി കിട്ടാത്തതുകൊണ്ടാണ് ഈ കത്തെഴുതുന്നത്. ഈ കത്തിനും മറുപടി പ്രതീക്ഷിക്കുന്നു.
എന്ന് രുദ്ര
കത്ത് നാലായി മടക്കി. കവറിനകത്തിട്ടു. ഓഫീസിലേക്ക് പോകുന്ന വഴി തപാല്‍പെട്ടിയിലിടണം. പിന്നെ കാത്തിരിപ്പിന്റെ നാളുകളാണ്. മൂന്നുപേജുള്ള കത്ത് കഷ്ടപ്പെട്ടാണ് ഇരുന്നെഴുതിയത്.
ഇപ്പോള്‍ കൂടുതല്‍ സമയവും കീബോര്‍ഡിലായതുകൊണ്ട് പഴയപോലെ കൈവഴക്കം പോരാ.
എന്നാലും അവന് കത്തുകള്‍ വായിക്കുന്നതിലാണ് താല്‍പ്പര്യം.
നീണ്ട ഒരു കോട്ടുവായിട്ട് ബെഡില്‍ നിന്നെഴുന്നേറ്റു. സമയം 8 മണി. റൂംമേറ്റ്സെല്ലാം അവരവരുടെ
കാര്യങ്ങളില്‍ വ്യാപൃതരാണ്. ഇന്നും ബ്രേക്ക്ഫാസ്റ് കഴിക്കാന്‍ ലേറ്റാണ്. ഹൌസ്ഓണറിന്റെ വഴക്ക് ഇന്നും കേള്‍ക്കാം. ഞാന്‍ പലപ്പോഴും അവന്റെ കാര്യം ഇവിടെ പറയുന്നത് മറ്റുള്ളവര്‍ക്ക് അത്ര പിടിക്കുന്നില്ലെന്നറിയാം. എങ്കിലും അറിയാതെ പലപ്പോഴും മനസ്സില്‍ നിന്നും അത് പുറത്തുവരും. പൊതുവെ ഗൌരവപ്രകൃതമായതിനാല്‍ കൂടുതലൊന്നും ചോദിക്കാന്‍ ആരും ശ്രമിക്കാറില്ല.
പത്തുമണിക്ക് ഓഫീസിലെത്തണം. ഇന്ന് എന്തായാലും ലേറ്റാണ്. കത്ത് പ്രാര്‍ത്ഥിച്ച് പോസ്റ്ബോക്സിലിട്ടു. ദൈവമേ അവനുതന്നെ കിട്ടണെ. ഏന്തിവലിഞ്ഞു ബസ്സിലേക്ക് കയറി. ഓഫീസിലെത്തിയപ്പോള്‍
അരമണിക്കൂര്‍ ലേറ്റ്. ഒന്നിലും ശ്രദ്ധ കിട്ടിയില്ല. അഡ്മിനിസ്ട്രേഷന്‍ കാര്യങ്ങളിലെ പൊരുത്തക്കേടുകള്‍ കൂടി വരുന്നു. മിക്കവാറും ബോസിന്റെ ശകാരം കേള്‍ക്കാം.
എങ്കിലും ബോസിന് തന്നോട് ചെറിയൊരു മമതയൊക്കെയുണ്ട്.
ബാംഗ്ളൂരില്‍ നിന്നും വേരോടെ എല്ലാം മറക്കാന്‍ നാട്ടിലേക്ക് ചേക്കേറിയപ്പോള്‍ എന്തെങ്കിലും
ഒരു ജോലി എന്നേ ആഗ്രഹിച്ചിരുന്നുള്ളു. അതിനായി എം.ബി.എ ചെയ്തു. മൂന്നുമാസം ബാംഗ്ളൂരിലെ ബെഡ്റെസ്റില്‍ നിന്നും മോചിതയായപ്പോള്‍ തീരുമാനിച്ചതാണ് ഇനി എവിടെയായാലും നന്നായി ജീവിക്കണമെന്ന്. ഇനി അധികനാള്‍ ഈ ലോകത്ത് ഞാനുണ്ടാകില്ല. എങ്കിലും ഉള്ള അത്രയും നാള്‍ ഒരാളെ സ്നേഹിക്കണം. പ്രദിയുടെ കൂടെ ജീവിക്കാന്‍ ഇനി സാധിക്കില്ല. അത്രമാത്രം ജീവിതത്തോട്
മടുപ്പായിരിക്കുന്നു. ഓഫീസില്‍ ഇന്ന് പതിവിലും കൂടുതല്‍ ആളുകളുണ്ട്.
അല്‍ഫോണ്‍സ് അടുത്തുള്ളതുകൊണ്ട് പകുതി ജോലി അവനെ ഏല്‍പ്പിച്ചു.
കണ്ണുകള്‍ വീര്‍ത്തിരിക്കുന്നതുകണ്ട് അല്‍ഫോണ്‍സിന്റെ ചോദ്യമുയര്‍ന്നു.
'ഇന്ന് കാണാന്‍ തീരെ കൊള്ളില്ല, എന്തുപറ്റി?
'ഓ! പ്രത്യേകിച്ച് ഒന്നുമില്ല'.
തെന്നിമാറിയില്ലെങ്കില്‍ പ്രശ്നമാണ്, അവന്‍ ചികഞ്ഞറിയാന്‍ കേമനാണ്. ഇവിടെ ചാര്‍ജെടുത്ത അന്നുമുതല്‍ അവന്‍ എനിക്ക് പ്രൊപ്പോസല്‍ വെച്ചുതുടങ്ങിയതാണ്. കുറെയൊക്കെ സ്കിപ്പ് ചെയ്തു. എന്നെക്കുറിച്ച് അവനെന്തറിയാം. പാവം. ഒരിക്കല്‍ അമ്മയെയും കൊണ്ട് എന്നെ കാണാന്‍ വന്നു. ശരിക്കും ഞെട്ടിപ്പോയി. മുണ്ടും നേര്യതുമെടുത്ത് നെറ്റിയില്‍ ഭസ്മം തൊട്ട ഒരു നാടന്‍ സ്ത്രീ. എന്തു പറയണം എന്നറിയാതെ ഞാന്‍ വളരെ കഷ്ടപ്പെട്ടു.
അല്‍ഫോണ്‍സ് ഒരിക്കല്‍ കയ്യോടെ ചോദിച്ചു.
'എന്തുകൊണ്ടാണ് രുദ്ര വിവാഹം കഴിക്കാത്തത്'?
അവനറിഞ്ഞേ പറ്റു.
ജീവിതത്തില്‍ ഇത്രവലിയ എന്ത് ട്രജഡിയാണ് ഉണ്ടായിട്ടുള്ളത്?
ദിവസം ചെല്ലുംതോറും ക്ഷീണം കൂടിവരുന്നപോലെ. ഭക്ഷണം കഴിക്കാനും ഒരു മടുപ്പ്.
സ്ളിംബ്യൂട്ടി ആകാനുള്ള ശ്രമമാണെന്ന് പലരും കളിയാക്കുന്നുണ്ട്. പലപ്പോഴും എല്ലാം ചിരിച്ചുതള്ളാറാണ് പതിവ്. അന്ന് ബാംഗ്ളൂരില്‍ നിന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്നുകള്‍ തന്നെയാണ് മുടക്കാതെ കഴിക്കുന്നത്. ഇത് എത്രനാള്‍ എന്നറിയില്ല. ഒരുപക്ഷെ എന്നെങ്കിലും എല്ലാം എല്ലാവരും അറിഞ്ഞാല്‍
ഈ ഇടത്താവളത്തില്‍ നിന്നുപോലും തനിക്ക് പുറത്തിറങ്ങേണ്ടി വരും. സ്വന്തം വീട്ടില്‍ തനിക്ക് സ്ഥാനമില്ലെന്ന തിരിച്ചറിവ് ഏറെ മുറിപ്പെടുത്തുന്നതുമാണ്.
ചില സമയങ്ങളില്‍ പ്രദിയുടെ ഓര്‍മ്മകള്‍ മനസ്സ് മുറിപ്പെടുത്താറുണ്ട്. കണ്ടുമുട്ടിയതും തുടര്‍ന്നു നടന്ന സംഭവങ്ങളും എല്ലാം.
'ഈ ചേച്ചിക്ക് എപ്പോഴും ഇതേ പറയാനുള്ളു. വായനയും എഴുത്തും മാത്രം. ശൊ എനിക്കിത് കാണുമ്പോള്‍ കലിവരുന്നുണ്ട്'. റൂംമേറ്റിന്റെ പരാതിയാണ്. അത് ചിലപ്പോള്‍ ഉറക്കെ നിലവിളിയായി മാറും.
ആ സമയങ്ങളില്‍ ഞാന്‍ എന്റെ പഴയ ഡയറികള്‍ പൊടിതട്ടിയെടുക്കും. ഇതിലാണല്ലോ എന്റെ തുടക്കവും ഒടുക്കവും.
ജൂണ്‍ 16-ബുധന്‍(രാത്രി)
ഡയറിയില്‍ ആ ദിവസം ചുവന്ന അക്ഷരത്തില്‍. നഴ്സിംഗിന് അഡ്മിഷന്‍ ശരിയായി അച്ഛനോടൊപ്പം ബാംഗ്ളൂരിലേക്ക് പുറപ്പെട്ടു. ബാംഗ്ളൂര്‍ എത്തി ഒരു ഹോട്ടലില്‍ റൂമെടുത്ത് ഫ്രഷ് ആയി. അച്ഛന് നല്ല ക്ഷീണമുണ്ട്. 10 മണിക്ക് കോളേജിലെത്തി റിപ്പോര്‍ട്ട് ചെയ്യണം. പുതിയ അന്തരീക്ഷം പുതിയ ആള്‍ക്കാര്‍. ആദ്യമായാണ് വീടുവിട്ടു താമസിക്കുന്നത്. അഡ്മിഷനും കാര്യങ്ങളുമായി ഉച്ചവരെ തിരക്കോട് തിരക്ക്. ഹോസ്റലില്‍ താമസത്തിനുള്ള കാര്യങ്ങളും ശരിയാക്കി അന്നു തന്നെ അച്ഛന്‍ തിരികെ നാട്ടിലേക്ക്.
ജൂണ്‍ 17- വ്യാഴം (രാത്രി)
ഇന്ന് ക്ളാസ് തുടങ്ങി. പകുതിയും ആണ്‍കുട്ടികളാണ് ക്ളാസില്‍. ഇതുവരെ കോണ്‍വെന്റില്‍ പഠിച്ചുവളര്‍ന്ന എനിക്ക് ആരുമായും ഒത്തുപോകാന്‍ സാധിക്കുന്നില്ല. വീട്ടില്‍ പറഞ്ഞാല്‍ അച്ഛന്‍ എന്തുമാത്രം വിഷമിക്കും. കോളേജില്‍ പേടിപ്പെടുത്തുന്ന റാംഗിങ് ഒന്നുമില്ല. നാളെ അച്ഛന് കത്തെഴുതണം.
ജൂണ്‍18- വെള്ളി(രാത്രി)
കോളേജില്‍ ശാന്തമായ അന്തരീക്ഷം. ഇവിടുത്തെ ഭക്ഷണം എനിക്ക് പിടിക്കുന്നില്ല. വയറിന് ചെറിയൊരു അസ്വസ്ഥതയുണ്ട് വാര്‍ഡന്‍ പറഞ്ഞു സുഖമില്ലെങ്കില്‍ നാളെ വീട്ടിലേക്ക് പൊയ്ക്കൊള്ളു. എന്നാലും പേടിയാണ്. ഓടിയെക്കാവുന്ന ദൂരമല്ലാലോ വീട്ടിലേക്കുള്ളത്. നാളെ റൂംമേറ്റ് നാട്ടിലേക്ക് പോകുന്നെന്നു പറഞ്ഞിരുന്നു. പറ്റുമെങ്കില്‍ കൂട്ടത്തില്‍ പോകണം.
ജൂണ്‍ 19-ശനി(രാവിലെ)
ഇന്നു രാത്രി എഴുതാന്‍ കഴിയില്ല. യാത്രയിലായിരിക്കും. വീട്ടിലേക്ക് പോകുന്നു.
ജൂണ്‍ 23-ബുധന്‍(രാത്രി)
കുറച്ചുദിവസമായി എഴുതിയിട്ട്. വീട്ടിലാണ്. ഇന്ന് എന്റെ മനസ്സിന് വല്ലാത്തൊരു സന്തോഷമുണ്ട്. ആ ട്രെയിന്‍ യാത്രയില്‍ ഞാന്‍ ഒരാളെ പരിചയപ്പെട്ടു. പ്രദി. ബാംഗ്ളൂരില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ്. കാണാന്‍ സുമുഖന്‍. ഏറെ നേരം എന്നോട് സംസാരിക്കാന്‍ അയാള്‍ താല്‍പ്പര്യം കാണിച്ചു. വൈറ്റ് ടീഷേര്‍ട്ടും ജീന്‍സും ആണ് വേഷം. എന്റെ നാടന്‍ വേഷവും ചന്ദനക്കുറിയും കണ്ടായിരിക്കണം നാട്ടില്‍ എവിടെയാ എന്ന ചോദ്യത്തോടെ അയാള്‍ സംസാരിക്കാന്‍ തുടങ്ങിയത്. നല്ല ശബ്ദം. എനിക്കും സംസാരിക്കണമെന്നു തോന്നി. നാട്ടിലെത്തിയപ്പോള്‍ അയാളുടെ മൊബോല്‍ നമ്പര്‍ എനിക്ക് തന്നു. പക്ഷെ ഇതുവരെ വിളിച്ചിട്ടില്ല. പലപ്പോഴും ആ നമ്പറിലേക്ക് പാളിനോക്കും. പക്ഷെ വീട്ടില്‍ ആരും കാണാതെ വേണം വിളിക്കാന്‍. സ്വന്തമായി ഒരു മൊബൈല്‍ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് അപ്പോഴാണ് എനിക്ക് മനസ്സിലായത്.
നാളെ രാവിലെ ബാംഗ്ളൂര്‍ക്ക് പോകും. അസുഖമെല്ലാം മാറി. അച്ഛന്‍ റെയില്‍വേ സ്റേഷനിലേക്ക് കൊണ്ടു ചെന്നാക്കും.
ട്രെയിന്‍ വന്നപ്പോള്‍ എന്നെ വണ്ടിയിലേക്ക് കയറ്റി അച്ഛന്‍ വീട്ടിലേക്ക് പോയി. ട്രെയിന്‍ എടുക്കാന്‍ ഇനിയും പത്തുമിനിട്ടുകൂടിയുണ്ട്. അയാള്‍ ഇന്നുതന്നെയാണ് ബാംഗ്ളൂരിലേക്ക് തിരിക്കുന്നത്. എന്റെ ഹൃദയം പടാ പടാ മിടിക്കുന്നു.
സഹയാത്രികനെ ബാഗ് ഏല്‍പ്പിച്ച് പേഴ്സുമായി ഞാന്‍ വണ്ടിയില്‍ നിന്നും ചാടിയിറങ്ങി. റെയില്‍വേ ബൂത്തിലെത്തി. നമ്പര്‍ അമര്‍ത്തി വിളിച്ചു.
'ഹലോ... പ്രദിയല്ലേ?
അതെ, ആരാണ്?
മറുതലയ്ക്കല്‍ നല്ല മുഴക്കമുള്ള ശബ്ദം.
എന്റെ ശബ്ദം തൊണ്ടയില്‍ തടഞ്ഞുനിന്നു.
'ഞാന്‍...ഞാന്‍ രുദ്ര. അന്ന് ട്രെയിനില്‍ വെച്ചു പരിചയപ്പെട്ട...'
'ആ..ഹാ..ഹായ് രുദ്ര, ഹൌ ആര്‍ യു'?
'ആം ഫൈന്‍...ഞാന്‍ ഇന്ന് ബാംഗ്ളൂര്‍ക്ക് പോകുന്നു. ഈ ടൈംമില്‍ ഉണ്ടാകുമെന്നു പറഞ്ഞിരുന്നല്ലോ'
'ആ ഞാനുണ്ട്. എനിക്ക് റിസര്‍വേഷന്‍ കിട്ടിയില്ല. ഞാന്‍ ടിക്കറ്റ് കൌണ്ടറില്‍ തന്നെ ഉണ്ട്. ദാ എത്തി'.
'ആ..ഓക്കെ. എങ്കില്‍ ഞാനും ജനറല്‍ കംപാര്‍ട്ട്മെന്റില്‍ കയറണോ'?
'ഓ അത് വേണ്ട. എനിക്ക് വെയ്റ്റിംഗ് ലിസ്റ് ആണെന്നേ ഉള്ളു. ഞാന്‍ രുദ്രയുടെ കംപാര്‍ട്ട്മെന്റില്‍ തന്നെ കാണും.സീ യു.'
ഫോണ്‍ കട്ട്.
ശൊ! ഇത്രയധികം സംസാരിക്കാന്‍ അയാള്‍ എന്റെ ആരാണ്. ഞാന്‍ തിരികെ കംപാര്‍ട്ട്മെന്റില്‍ എത്തി. ട്രെയിന്‍ വിടാന്‍ ഏകദേശം രണ്ടുനിമിഷം മാത്രം ബാക്കി. എവിടെനിന്നോ അയാള്‍ പറന്നെത്തി കിതക്കുന്നു. എനിക്ക് ചിരിവന്നു. ഹോ കഷ്ടം തന്നെ. അല്‍പം നേരത്തെ ഇറങ്ങാമായിരുന്നല്ലോ.
മന:പ്പൂര്‍വ്വം തന്നെ എന്റെ അടുത്ത് ഞാന്‍ സ്ഥലം കരുതിയിരുന്നു. എന്റെ ബാഗ് എടുത്തുമാറ്റി. അയാള്‍ അവിടെയിരുന്നു. അയാളുടെ ശരീരത്തില്‍ നിന്നും വരുന്ന ചൂടുകാറ്റ് എന്റെ ശരീരത്തെ ആകമാനം കുളിപ്പിച്ചു.
'നേരത്തെ ഇറങ്ങാത്തതെന്ത്'?
'ഓ അല്‍പം ലേറ്റ് ആയെന്നേ. എന്താടോ? ഞാന്‍ കരുതി ഇയാളെന്നെ വിളിക്കില്ലായിരിക്കും എന്ന്. തന്റെ ശബ്ദം കേട്ടപ്പോള്‍ ശരിക്കും എനിക്ക് സന്തോഷം ആയി കേട്ടോ'.
ആ...
വെറുതെ ആ എന്ന അക്ഷരത്തോടെ ഞാന്‍ ആ സംഭാഷണം അവസാനിപ്പിച്ചു. ഒരു പ്രണയിനിയുടെ ഭാവമായിരുന്നു അപ്പോഴെന്റെ മുഖത്ത്. മുഖം ചുമന്നിരിക്കുന്നു. കഷ്ടം. ഒരേയൊരു തവണയേ അയാളെ ഞാന്‍ കണ്ടിട്ടുള്ളു. അപ്പോഴെക്കും ഇങ്ങനെയെല്ലാം തോന്നാന്‍ മാത്രം. അറിയില്ല. മനസ്സിന്റെ ഓരോരോ കളികളേ.
'എനിക്ക് ശംഖിനോട് വല്ലാത്തൊരു ആരാധനയാണ്. ശംഖിന്റെ വലിയൊരു ശേഖരം തന്നെ എന്റെ പക്കലുണ്ട്. സുഹൃത്തുക്കള്‍ക്ക് കത്തുകളെഴുതുമ്പോള്‍ ശംഖിന്റെ ചിത്രം ഞാന്‍ ആലേഖനം ചെയ്യാറുണ്ട്...' പ്രദി വാതോരാതെ സംസാരിക്കുന്നു.
അങ്ങിനെ വരവും പോക്കുമായി ആ ട്രെയിന്‍ യാത്രയുടെ എണ്ണം കൂടിക്കൂടി വന്നു. വര്‍ഷം രണ്ടുകഴിഞ്ഞു. പ്രണയം പൂത്തുപന്തലിച്ചു. അവനറിയാതെ തന്നെ. എല്ലാ യാത്രയിലും അവനെ കൂട്ടാതെ വയ്യെന്നായി. അവന്‍ ഒരിക്കലും എന്നെ സ്നേഹിക്കുന്നെന്നു പറഞ്ഞില്ല. പക്ഷെ ഞാന്‍ ഒരായിരം തവണ എന്റെ സ്നേഹത്തെക്കുറിച്ച് സൂചിപ്പിച്ചു. മനപൂര്‍വ്വമായിരുന്നിരിക്കണം അവന്‍ തെന്നിമാറുന്നത്. സ്വന്തം വീട്ടുകാര്യങ്ങളെക്കുറിച്ചുപോലും പറയാന്‍ അവന്‍ താല്‍പ്പര്യം കാണിച്ചിരുന്നില്ല.
അന്ന് ഒരു മടക്കയാത്രയില്‍ എന്റെ കൈപിടിച്ച് അവന്‍ ചുംബിച്ചു. ഞാന്‍ കണ്ണുകളടച്ച് ആ ചുംബനം ഏറ്റുവാങ്ങി. നിസ്വാര്‍ത്ഥമായ ആ സ്നേഹത്തിനുമുന്നില്‍ കീഴടങ്ങാന്‍ പലപ്പോഴും മനസ്സുവെമ്പി. രാത്രി, ട്രെയിനില്‍ എല്ലാ യാത്രികരും നിദ്രയുടെ മടിത്തട്ടിലേക്ക് വഴുതിയപ്പോള്‍ രണ്ടു ഹൃദയങ്ങള്‍ മാത്രം മുഖത്തോടുമുഖം ഏറെനേരം നോക്കിയിരുന്നു.
കൈകള്‍ പരസ്പരം ഞെരിഞ്ഞമരുന്നു. അവന്റെ ചുണ്ടുകള്‍ എന്റെ കൈപ്പത്തിയിലേക്ക് മാറിമാറി അമര്‍ന്നു. പുറത്തുനിന്നും നല്ല തണുത്ത കാറ്റ് എന്റെ ശരീരത്തെ കോരിത്തരിപ്പിച്ചു. കണ്ണുകളില്‍ ഇരുട്ടുനിറഞ്ഞു. തുറക്കാന്‍ പോലും സാധിക്കാത്ത ഇരുട്ടില്‍ ഞാന്‍ തപ്പിത്തടഞ്ഞു. ആ ഇരുമ്പുപെട്ടിക്കകത്ത് ശ്വാസം മുട്ടുന്ന പോലെ. പ്രദിയുടെ നെഞ്ചിലേക്ക് കൈവെച്ചപ്പോള്‍ ആ ഹൃദയം മിടിക്കുന്ന ശബ്ദം തീവ്രമാകുന്നത് ഞാനറിഞ്ഞു.
ഞങ്ങള്‍ ട്രെയിനിന്റെ വാതില്‍ക്കലേക്ക് നടന്നു. സൈഡില്‍ ബാത്ത്റൂമാണ്. എങ്ങിനെയെങ്കിലും പ്രദിയുടെ സ്വന്തമാകണമെന്ന മനസ്സിന്റെ വെമ്പലിന് തടയിടാന്‍ ആ തണുത്ത രാത്രിക്കായില്ല. ആ രാത്രി വെളുക്കല്ലേയെന്ന് ഞാന്‍ ആഗ്രഹിച്ചു.
നേരം പുലര്‍ന്നു, ബാംഗ്ളൂര്‍ക്ക് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി. ട്രെയിന്‍ ലേറ്റാണ്. ഞങ്ങള്‍ മുഖത്തോടുമുഖം നോക്കിയില്ല. എനിക്ക് എന്തൊക്കെയോ സംസാരിക്കണമെന്നുണ്ടായിരുന്നു. ശബ്ദത്തിന് പതിവിലും ഗാംഭീര്യം വരുത്തി ഞാന്‍ ചോദിച്ചു.
'പ്രദി എന്നെ വിവാഹം കഴിക്കുമോ'?
'രുദ്ര, ആ ഞാന്‍ പറയാം. പക്ഷെ രുദ്രയില്ലാതെ എനിക്ക് ജീവിക്കാന്‍ സാധിക്കില്ല'.
മനസ്സില്‍ ഒരു ഇടിമുഴക്കം പോലെ. രുദ്രയില്ലാതെ എനിക്ക് ജീവിക്കാന്‍ സാധിക്കില്ല, എല്ലാം ഞാന്‍ പറയാം. എനിക്കൊന്നും മനസ്സിലായില്ല.
യാത്ര പറഞ്ഞു ഞാന്‍ ഹോസ്റലിലേക്ക് പോയി. ഹോസ്റല്‍ നമ്പറിലേക്ക് എത്തിയപാടെ പ്രദി വിളിച്ചു. എത്തിയോ എന്നറിയാന്‍. സന്തോഷം.
ക്ളാസില്‍ പഴയ പോലെ ശ്രദ്ധിക്കാന്‍ എനിക്ക് സാധിച്ചില്ല. വീണ്ടും ഞങ്ങള്‍ പരസ്പരം കണ്ടു. കോഫിഷോപ്പില്‍, പാര്‍ക്കില്‍ അങ്ങിനെ കാണലുകള്‍ക്ക് അതിരുകളില്ലാതായി. ഒന്നിച്ചുള്ള യാത്രകള്‍ നീണ്ടു.
വീട്ടില്‍ വിവാഹാലോചനകള്‍ നടക്കുന്നു. കുറച്ചുദിവസം ലീവെടുത്ത് നാട്ടിലേക്ക് വരാന്‍ അച്ഛന്റെ ഓര്‍ഡര്‍. സാധിക്കില്ല. പ്രദി ഇവിടെ തനിച്ചാണ്.
'അല്ല അച്ഛന്‍ വിളിച്ചതല്ലേ. തല്‍ക്കാലം ഒന്ന് പോയിവരൂ'. പ്രദി പറഞ്ഞപ്പോള്‍ പോകാമെന്നു തീരുമാനിച്ചു.
വീട്ടിനുമുന്നില്‍ ബസ്സിറങ്ങിയപ്പോഴാണ് തൊട്ടുമുന്നിലെ ചായക്കടക്കാരന്‍ പീതാംബരന്‍ചേട്ടന്‍ പറഞ്ഞത്
കോളടിച്ചല്ലോ! കല്ല്യാണം കഴിഞ്ഞാല്‍ ഫോറിനിലോട്ട് പോവോ?
വീട്ടിലെത്തിയപ്പോള്‍ അമ്മ,
ദേ ചെറുക്കനും കൂട്ടരും ഇങ്ങെത്താറായി. നീ വേഗം ഡ്രസ്സെല്ലാം മാറി ഒരുങ്ങു.
അമ്മേ എന്താണിത്. എന്നെ ഒന്ന് അറിയിക്കാത
നിന്നെ എന്തറിയിക്കാന്‍. എല്ലാം അച്ഛനെടുത്ത തീരുമാനങ്ങളാണ്.
അറിയാലോ നിന്റെ അച്ഛന്റെ സ്വഭാവം.
വീടുനിറയെ ബന്ധുക്കളാണ്. ഒരു സീനിന് അവസരമൊരുക്കാതെ കല്ല്യാണനിശ്ചയത്തിനൊരുങ്ങി.
ചടങ്ങുകളെല്ലാം കഴിഞ്ഞ് ചെറുക്കനും കൂട്ടരും ഇറങ്ങിയപാടെ ഞാന്‍ എന്റെ ബാഗൊതുക്കി. ഇനി ഒരു നിമിഷം ഇവിടെ നില്‍ക്കാന്‍ പാടില്ല. വീട്ടിലാരോടും പറയാതെ പുറകിലൂടെ ബസ്റോപ്പിലേക്കോടി.
ഇവിടെ പ്രദിയുടെ നെഞ്ചിലമര്‍ന്നു കിടക്കുമ്പോള്‍ കിട്ടുന്ന സുഖം വേറെ എവിടെ കിട്ടാന്‍. ഒരു മാസമായി വന്നിട്ട്. വന്നപ്പോള്‍ തന്നെ അച്ഛന് നീണ്ട കത്തെഴുതി. അച്ഛന്റെ മറുപടിയും കിട്ടി. ഇനി ഇങ്ങനെ ഒരു മകള്‍ അച്ഛനില്ല. പടിയടച്ചു പിണ്ഢം വെച്ചിരിക്കുന്നു. അമ്മ നിലവിളിച്ചിട്ടുണ്ടാകണം. തന്നെ അന്വേഷിച്ച് ആരും ഇവിടെയെത്തിയില്ല.
പ്രദി നഗരത്തിന് ഒത്ത നടുവില്‍ ഒരു ഫ്ളാറ്റെടുത്തു. രണ്ടുമുറികളും ഒരു കിച്ചനും ബാത്ത്റൂമും ഒരു ഹാളും. സുഖജീവിതം. രണ്ടുമാസം പോയതറിഞ്ഞില്ല. ഇതിനിടയില്‍ പ്രദിയുടെ കോട്ടയത്തുള്ള അച്ഛനും അമ്മയും വന്നുപോയി. ഒരേയൊരു തവണ. അല്ലെങ്കിലും ദത്തെടുത്ത വളര്‍ത്തിയ മകനെച്ചൊല്ലി അവര്‍ അധികം ആവലാതിപ്പെടാറില്ല.
പതിവുപോലെ ഓഫീസും വീടും നാടുചുറ്റലും എല്ലാം ആയി കുറച്ചു നല്ലനാളുകള്‍. അന്ന് ഏറെ വൈകിയാണ് പ്രദി വീട്ടിലെത്തിയത്. നല്ല ചുമയും നെഞ്ചുവേദനയും ഉണ്ടെന്നു പറഞ്ഞു. ഡോക്ടറെ കാണാന്‍ പ്രദിക്ക് മടിയാണ്. തളര്‍ച്ച കൂടിയപ്പോള്‍ ഞാന്‍ ഡോക്ടറെ വീട്ടിലേക്ക് വരുത്തി. പരിശോധനയില്‍ തളര്‍ച്ചക്കുള്ള മരുന്നുമാത്രമേ ഡോക്ടര്‍ നല്‍കിയുള്ളു. അത്യാവശ്യമായി രക്തപരിശോധന നടത്താന്‍ നിര്‍ദ്ദേശവും തന്നു.
നാളെതന്നെ നടത്തിയേക്കാം. ഓഫീസിലേക്ക് പോകുന്ന വഴി ലാബില്‍ കയറി. സാമ്പിള്‍ കൊടുത്ത് ഞാന്‍ ഹോസ്പിറ്റലിലേക്കും പ്രദി ഓഫീസിലേക്കും പോയി. ഹോസ്പിറ്റലില്‍ രോഗികള്‍ക്കിടയില്‍ നില്‍ക്കുമ്പോഴും മനസ്സില്‍ വല്ലാത്തൊരു ആകുലത. പ്രദിക്ക് എന്തുപറ്റി. കുറച്ചുദിവസങ്ങളായി ക്ഷീണവും തളര്‍ച്ചയും.
വൈകീട്ട് നേരെ പോയത് റിസള്‍ട്ട് വാങ്ങിക്കാനാണ്.
'അത് ഹസ്ബന്റ് നേരത്തെ വാങ്ങികൊണ്ടുപോയല്ലോ'
അവരെന്നെ സൂക്ഷിച്ചൊന്ന് നോക്കി.
ഞാന്‍ നേരെ വീട്ടിലെത്തി.
'പ്രദി, റിസള്‍ട്ടെന്തേ. നോക്കട്ടെ'
'അയ്യോ രുദ്ര ഞാന്‍ അത് സുഹൃത്തിന്റെ വണ്ടിയില്‍ വെച്ചുമറന്നല്ലോ'
പ്രദിയുടെ മുഖത്തുണ്ട് അത് പച്ചക്കള്ളമാണെന്ന്.
പ്രദി കുളിക്കാന്‍ കയറിയ തക്കത്തിന് ആ റൂമാകെ ഞാന്‍ പരിശോധിച്ചു. ഒരു കവറിനകത്ത് പൊതിഞ്ഞുസൂക്ഷിച്ച ആ റിസള്‍ട്ട് അവസാനം ഞാന്‍ കണ്ടു. ഓടിച്ചുവായിച്ചു.
ഒന്നുമാത്രം എന്റെ മനസ്സില്‍ നിന്നു... പ്രദിക്ക് റിസള്‍ട്ട് പോസിറ്റീവ് ആണ്. എച്ച്.ഐ.വി പോസിറ്റീവ്.
കുളികഴിഞ്ഞ് മൂളിപ്പാട്ടും പാടിവന്ന പ്രദി അല്‍പ്പസമയം എന്നെനോക്കി നിന്നു
കണ്ണെടുക്കാതെ ആ മുഖത്തേക്കു തന്നെ ഞാന്‍ സൂക്ഷിച്ചുനോക്കി.
എന്റെ തല പെരുത്തുകയറി.
ഓര്‍മ്മ വന്നപ്പോള്‍ ആശുപത്രിക്കിടക്കയിലായിരുന്നു. വയറ്റിലുണ്ടായിരുന്ന രണ്ടുമാസമെത്തിയ കുഞ്ഞ് ആ വീഴ്ച്ചയില്‍ മരിച്ചു. മൂന്നുമാസം റെസ്റ്റ് വേണം. ബോഡി വളരെ വീക്കാണ്.
പ്രദിയുടെ ശരീരത്തിലെ രോഗാണുക്കള്‍ എന്റെ ശരീരത്തെയും കീഴ്പ്പെടുത്തിയ വിവരം വളരെ വേദനയോടെ ഞാന്‍ അറിഞ്ഞു.
ആശുപത്രിക്കിടക്കയിലെ മൂന്നുമാസത്തെ വാസം. തുടര്‍ന്ന് ഇനിയുള്ള കാലം ജീവിക്കാനുള്ള പഠനം. എം.ബി.എ ചെയ്തു. നാട്ടില്‍ തന്നെ ജോലി ചെയ്തു ജീവിക്കാമെന്നായി. ധാരാളം മരുന്നുകള്‍ വാങ്ങിക്കൂട്ടി. ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്താന്‍. ഒരു എയ്ഡ്സ് രോഗിയാണെന്ന വിവരം ഈ ലോകത്ത് മറ്റാരും അറിയാതിരിക്കട്ടെ. ജീവിതത്തില്‍ ഇനിയൊരിക്കലും പ്രദിയെന്ന കഥാപാത്രത്തെ കാണരുതെന്ന് ശപഥമെടുത്തു.
നാട്ടില്‍ ഒരു സുഹൃത്തുവഴി ജോലി ശരിപ്പെടുത്തി. ആദ്യ പോസ്റിംഗ് എറണാകുളത്ത്. മനസ്സ് വല്ലാതെ സന്തോഷിച്ചു.
ജീവിതത്തില്‍ ഒരു പുതിയ അധ്യായം കൂടി കൈവന്ന സന്തോഷം. ഹോസ്റല്‍ ജീവിതം എത്രനാള്‍ എന്നറിയില്ല. അന്ന് പത്രത്തില്‍ വന്ന ഒരു പരസ്യം ശ്രദ്ധയില്‍ പെട്ടാണ് ആ അഡ്രസിലേക്ക് കത്തുകളെഴുതിയത്. തൂലികാസൌഹൃദം എത്രമാത്രം ഫലവത്താകും എന്നറിയില്ല. പക്ഷെ വെറുതെ ഒരാഗ്രഹം തോന്നി. എഴുത്തുകള്‍ക്കെല്ലാം മറുപടി വന്നു. എല്ലാം സ്നേഹാര്‍ദ്രമായ മറുപടികള്‍. പേര് വെളിപ്പെടുത്താത്ത ആ സുഹൃത്തിന് വീണ്ടും വീണ്ടും ഞാന്‍ കത്തുകളെഴുതി.
....ഞാന്‍ അയച്ച മൊബൈല്‍ മെസേജുകള്‍ക്കൊന്നും മറുപടി കിട്ടാത്തതുകൊണ്ടാണ് ഈ കത്തെഴുതുന്നത്. ഈ കത്തിനും മറുപടി പ്രതീക്ഷിക്കുന്നു.
എന്ന് രുദ്ര
ഒരാഴ്ച്ചക്കു ശേഷം മറുപടി വന്നു. അതില്‍ ഒരു ശംഖിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു. താഴെ രണ്ടു വരികളും.
...ഇതെന്റെ അവസാനത്തെ കത്താണ്. എഴുതാന്‍ ഈ കൈകള്‍ ഇനി ചലിക്കില്ല. ഇനിയൊരു മറുപടി പ്രതീക്ഷിക്കരുത്.
സ്വന്തം...