Wednesday, May 4, 2016

"prestige" Problem


തുടക്കത്തിലേ ഒന്ന് പറഞ്ഞോട്ടെ. ഇത്തരം അനുഭവങ്ങള്‍ ഏറെക്കുറെ
സ്ത്രീജനങ്ങള്‍ക്കും ഉണ്ടായിരിക്കാം. പക്ഷെ പുറത്തുപറഞ്ഞാല്‍
അത് "prestige" Problem ആയി കരുതുന്നവര്‍ക്ക് വായിക്കാനുള്ളതല്ല ഇത്.
2008 സെപ്തംബര്‍-
എറണാകുളമെന്ന മഹാനഗരത്തിലെത്തിപ്പെട്ട സന്തോഷത്തിലായിരുന്നു ഞാന്‍. കാലുകുത്തിയ അഞ്ചാംനാള്‍ എറണാകുളത്തേയൊന്ന് പരിചയപ്പെടാന്‍തീരുമാനിച്ചൊരു യാത്ര നടത്തി. സുഹൃത്തായ
ഒരു പ്രശസ്ത പത്രപ്രവര്‍ത്തകനെയുംകൂടെകൂട്ടി.
നഗരത്തെ പരിചയപ്പെടലിന്റെ ആലസ്യത്തില്‍ സുഭാഷ്പാര്‍ക്കില്‍ വിശ്രമിക്കാമെന്നു
കരുതി. കായല്‍കാറ്റേറ്റ് അല്‍പ്പസമയം ഇരുന്നു. സുഹൃത്ത് എന്തെല്ലാമോ എന്നോട്
സംസാരിക്കുന്നുണ്ട്. കുശുമ്പും കുന്നായ്മയും. ഞാന്‍സുഹൃത്തിന് അഭിമുഖമായാണ്
ഇരിക്കുന്നത്. ഇടയ്ക്ക് കപ്പലണ്ടി കൊറിക്കുന്നുണ്ട്. പാര്‍ക്കില്‍ പതിവിലും
കൂടുതല്‍ ആളുകളുണ്ട്. സംസാരം ഒന്ന് രസംപിടിച്ച് വന്നപ്പോഴാണ്
എന്റെ സുഹൃത്തിന് പിന്നില്‍ നില്‍ക്കുന്ന മരത്തിന്റെ മറവില്‍ ഒരിളക്കം.
എന്താണത്, ഞാനൊന്ന് ശ്രദ്ധിച്ച് നോക്കി. ഹാ! ഇതാര്! സാമൂഹ്യവിരുദ്ധരെന്ന്
ഇവരെ ചില എഴുത്തുകാര്‍ വിശേഷിപ്പിക്കാറുണ്ട്. സ്വതവേ മുന്‍ശുണ്ഠിക്കാരിയായ
എനിക്ക് അത് കണ്ടപ്പോള്‍തമാശയും ഒപ്പം ചിരിയും വന്നു.
പണ്ട് യൂണിവേഴ്സിറ്റി ഹോസ്റലിന്റെ പുറകിലെ വനത്തില്‍
ഇത്തരം രംഗങ്ങള്‍ കൈയോടെ പിടികൂടാന്‍ ആസൂത്രിത നീക്കങ്ങള്‍ നടത്തിയതാണ്
അപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത്. പെട്ടെന്നായിരുന്നു എന്റെ ഉടലാകെ
വിറകൊണ്ടത്. 'പിടിച്ച് ആ കായലിലോട്ടിടും' നഗരം മുഴുവന്‍കേള്‍ക്കുമാറുച്ചത്തില്‍
ഞാന്‍ അലറി. ആ രൂപത്തെ തല്ലാന്‍ സമീപത്ത് എന്തെങ്കിലും ഉണ്ടോ
എന്ന് തപ്പുന്നതിനിടയില്‍ എന്റെ പരാക്രമവും അലര്‍ച്ചയും കണ്ടായിരിക്കണം
ആ രൂപം കാലുകള്‍ നീട്ടിവലിച്ചോടി. ആര്‍ക്കും ഒന്നും മനസ്സിലായില്ല.
എന്റെ സുഹൃത്തും വാപൊളിച്ചിരിപ്പായി. 'എന്റെ ദൈവമേ, നിന്നെ സമ്മതിച്ചുതന്നിരിക്കുന്നു.
പക്ഷെ നിന്റെ കൂടെ ഞാന്‍ എങ്ങിനെ സഞ്ചരിക്കും? പേടിയാകുന്നു' ഇതായിരുന്നു
സുഹൃത്തിന്റെ പ്രതികരണം. എറണാകുളത്തെ രണ്ടരവര്‍ഷത്തെ
ജീവിതത്തിനിടയില്‍ ഇതുപോലെ 'പല നീട്ടിവലിച്ചോട്ടങ്ങളും' എനിക്ക് കാണേണ്ടി
വന്നിട്ടുണ്ട്. എനിക്കുവേണ്ടിയും മറ്റുള്ളവര്‍ക്കുവേണ്ടിയും
പലപ്പോഴും എനിക്ക് അലറേണ്ടതായിവന്നു. എന്നിട്ടും ഏതെങ്കിലും
ഒരു പെണ്‍കുട്ടി പ്രതികരിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.
ചില കള്ളുകുടിയന്‍മാരുടെ ബസ് യാത്രയും കോപ്രായങ്ങളും
ബസ്റോപ്പിലെ ചില വിരുതന്‍മാരുടെ കോപ്രായങ്ങളും ശ്രദ്ധയില്‍ പെട്ടാലും
ആര്‍ക്കും ഒന്നും പറയാനില്ല. ഇതിനിടയ്ക്ക് എറണാകുളം ലിസ്സി ജംഗ്ഷനിലായിരുന്നു
സ്ക്കൂള്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയ ഒരു ഓട്ടോറിക്ഷ വിരുതനെ സ്ക്കൂള്‍കുട്ടികള്‍
തന്നെ കൂട്ടമായി ചേര്‍ന്ന് ശരിപ്പെടുത്തിയത്. എങ്കിലും ചിലരുടെ 'ഈ കണ്ണടയ്ക്കല്‍'
അഥവാ "prestige" Problem ഇങ്ങനെ തുടര്‍ന്നാല്‍ ഫലത്തില്‍ എല്ലാം നാശം എന്നേ പറയേണ്ടൂ.